തെരുവുനായ കുറുകെ ചാടി; അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു

തിരുവനന്തപുരം: നായ ബൈക്കിന് കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നത്തുകാൽ, മൂവേരിക്കര റോഡരികത്ത് വീട്ടിൽ അജിൻ എ.എസ് (25) ആണ് മരിച്ചത്. സെപ്തംബര്‍ ഒമ്പത് വെള്ളിയാഴ്ചയായിരുന്നു അപകടം. അരുവിയോട് ജങ്ഷനിൽ വച്ച് തെരുവ് നായ കുറുകെ ചാടുകയായിരുന്നു. ബൈക്കിൽ നിന്ന് തലയിടിച്ചുവീണ് ​ഗുരുതര പരിക്കേറ്റ അജിനെ ഉടന്‍ തന്നെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അജിൻ വെന്റിലേറ്ററിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.

ഓണാഘോഷം കഴിഞ്ഞ് പോകവെ വീട്ടിൽ നിന്ന് രണ്ടു കി.മീ അകലെയാണ് സംഭവം. മറ്റൊരു ബൈക്കിലിടിച്ച് തെരുവുനായ അജിന്റെ ബൈക്കിന് കുറുകെ ചാടുകയായിരുന്നു. നായയെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചതോടെ അജിൻ തലയിടിച്ചു വീഴുകയും ഹെൽമറ്റ് തെറിച്ചുപോവുകയുമായിരുന്നു. ഇതേ തുടർന്ന് തലയ്ക്ക് ​ഗുരുതര പരിക്കേറ്റ അജിൻ കഴിഞ്ഞ മൂന്ന് ദിവസമായി വെന്റിലേറ്ററിലായിരുന്നു.

 

Top