മഹാപ്രളയത്തിന്റെ കഥ; ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘2018’, ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

കേരളം 2018ല്‍ അതിജീവിച്ച മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘2018 എവരിവൺ ഈസ് എ ഹീറോ’. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുള്ളതാണ് പോസ്റ്റർ.

കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ലാൽ, നരേൻ, കലൈയരസൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ വേണു കുന്നപ്പള്ളി, സി കെ പദ്മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ജൂഡ് ആന്റണി ജോസഫും അഖിൽ പി ധർമജനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം- അഖിൽ ജോർജ്, സംഗീതം- നോബിൻ പോൾ, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, എഡിറ്റിംഗ് മഹേഷ് നാരായണന്‍, സംഗീതം ഷാന്‍ റഹ്മാന്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

മൂന്ന് വർഷം മുൻപാണ് ഈ സിനിമ പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിക്കുമ്പോൾ സിനിമയ്ക്ക് 2403 ഫീറ്റ് എന്നായിരുന്നു പേര് നൽകിയിരുന്നത്. പിന്നീട് ഇത് മാറ്റുക ആയിരുന്നു.

Top