സംസ്ഥാനങ്ങള്‍ക്ക് 1.92 കോടി വാക്‌സിന്‍ ഡോസുകള്‍ കൂടി നല്‍കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അടുത്ത 15 ദിവസത്തിനുളളില്‍ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ഒരു കോടി 92 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കും. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളില്‍ വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് കൂടുതല്‍ വാക്‌സിന്‍ കൈമാറുമെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

വരുന്ന രണ്ടാഴ്ചക്കാലത്തേയ്ക്ക് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഉള്ള കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ വിഹിതം, ഉപഭോഗ രീതി അനുസൃതമായും, രണ്ടാംവട്ട ഡോസ് സ്വീകര്‍ത്താക്കളുടെ എണ്ണം അനുസരിച്ചും ആണ് നിര്‍ണയിച്ചിട്ടുള്ളത്.

2021 മെയ് 16 മുതല്‍ 31 വരെയുള്ള കാലയളവില്‍ 1.92 കോടി കോവിഷീല്‍ഡ്-കോവാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി ലഭ്യമാക്കും. ഇതില്‍ 1.63 കോടി ഡോസ് കോവിഷീല്‍ഡും, 29.49 ലക്ഷം ഡോസ് കോവാക്‌സിനും ഉള്‍പ്പെടുന്നു.

വാക്‌സിന്‍ വിതരണത്തിന്റെ സമയക്രമം മുന്‍കൂട്ടി ലഭ്യമാക്കുന്നതാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന വാക്‌സിന്‍ നീതിപൂര്‍വകവും, കാര്യക്ഷമവുമായ രീതിയില്‍ ഉപയോഗപ്പെടുത്താനും, വാക്‌സിന്‍ പാഴാക്കല്‍ പരമാവധി കുറയ്ക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

 

Top