കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ മൊഴി ഇന്ന് വീണ്ടും എടുക്കും

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ മൊഴി ഇന്ന് വീണ്ടും എടുക്കും. പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം ഇവര്‍ താമസിച്ച വീട്ടില്‍ പൊലീസ് പരിശോധന നടത്തി ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. കുട്ടിയുടെ അച്ഛന്‍ അംഗമായ സംഘടനായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് മൊഴി എടുക്കുന്നതും തുടരും. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം കണ്ടെത്താന്‍ പൊലീസിന് ഇപ്പോഴും സാധിച്ചിട്ടില്ല. സംഘടനയുമായി ബന്ധപ്പെട്ട എന്തെങ്കിലും തര്‍ക്കങ്ങള്‍ തട്ടിക്കൊണ്ട് പോകാന്‍ കാരണമായോ എന്ന സാധ്യതയും പൊലീസ് തള്ളിയിട്ടില്ല.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി നാല് ദിവസമായിട്ടും പ്രതികളിലേക്ക് എത്താനാകാതായതോടെ എല്ലാവഴിയിലൂടെയും അന്വേഷണം നടത്തുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായാണ് കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ലാറ്റില്‍ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തിയത്. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി. റെജി ഉപയോഗിച്ചിരുന്ന ഒരു ഫോണ്‍ ഈ ഫ്‌ലാറ്റിലുണ്ടായിരുന്നു. അതാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റെന്തെങ്കിലും ഇവിടെ നിന്ന് കണ്ടെടുത്തോയെന്ന് വ്യക്തമല്ല.സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിതാവ് റെജിയുടെ പത്തനംതിട്ടയിലെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയ ശേഷമായിരുന്നു പൊലീസ് നടപടി.

വാഹനത്തില്‍ വച്ച് വാ മൂടി കെട്ടിയതായും തല താഴ്ത്തി പിടിച്ചതായും കുട്ടി പൊലീസിന് മൊഴി നല്‍കി. രഹസ്യ മൊഴിയില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.അതേസമയം തട്ടിക്കൊണ്ടുപോയവര്‍ തന്നെ ഉപദ്രവിച്ചതായി കുട്ടി മൊഴി നല്‍കി.

 

Top