വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം സംസ്ഥാനത്തിന് നല്‍കണം; ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല സ്വകാര്യ കമ്പനിയ്ക്ക് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃ പരിശോധിക്കണമെന്ന പ്രമേയം നിയമസഭ പാസാക്കി. പ്രമേയം അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോരിനും സഭ വേദിയായി.

സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യം പരിഗണിക്കാതെയാണ് വിമനത്താവളം സ്വകാര്യ വത്കരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ വിമാനത്താവള ബിഡ് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം സംസ്ഥാനത്തിന് നല്‍കണം എന്നും പ്രമേയത്തില്‍ പറയുന്നു. കേന്ദ്ര തീരുമാനം പൊതുജന വികാരത്തിന് എതിരാണെന്നും അത് കേന്ദ്രത്തെ നേരത്തെ അറിയിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ പൊതുവായ വിഷയങ്ങളില്‍ എന്നും സര്‍ക്കാര്‍ നിലപാടിന് ഒപ്പം പ്രതിപക്ഷം നിന്നിട്ടുണ്ടെന്ന് പറഞ്ഞ രമേശ് ചെന്നിത്തല വിമാനത്താവള വിഷയത്തിലും സമാന നിലപാട് ആണ് കൈക്കൊണ്ടതെന്ന് പറഞ്ഞു.

അതേസമയം, സംസ്ഥാന ഭരണത്തിന്റെ കപ്പിത്താനായ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തുകാര്‍ ഹൈജാക്ക് ചെയ്തതോടെ കപ്പിത്താന്റെ കാബിന്‍ തന്നെ പ്രശ്നത്തിലായിരിക്കുകയാണെന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ച് വി.ഡി സതീശന്‍ എം.എല്‍.എ പറഞ്ഞു. നടുക്കടലില്‍ പെട്ട് ആടി ഉലയുകയാണ് ആ കപ്പിത്താന്‍ നിയന്ത്രിക്കുന്ന കപ്പല്‍. മുഖ്യമന്ത്രി ആദരണീയനാണെങ്കിലും ഭരണത്തില്‍ അദ്ദേഹത്തിന് നിയന്ത്രണമില്ലെന്നും മാര്‍ക്ക് ആന്റണിയെ ഉദ്ദരിച്ച് വി.ഡി സതീശന്‍ വിമര്‍ശിച്ചു.

Top