The state police ‘s dream project Cyber Dome to break into the IPS criminals ?

കൊച്ചി: സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തി അന്താരാഷ്ട്ര നിലവാരത്തില്‍ കേരള പൊലീസ് ആരംഭിച്ച ‘സൈബര്‍ ഡോം’ പദ്ധതി തകര്‍ക്കാന്‍ പൊലീസില്‍ നിന്നു തന്നെ കരുനീക്കം.

പ്രമുഖ ചാനലുകളിലും പത്രങ്ങളിലും സൈബര്‍ ഡോമിനെതിരായ വാര്‍ത്തകള്‍ വരുത്തി മഹത്തായ പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനാണ് അണിയറയില്‍ നീക്കം നടക്കുന്നത്. വിജിലന്‍സ് കേസില്‍ പ്രതികളായ രണ്ട് ഐപിഎസ് ഓഫീസര്‍മാരാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് പൊലീസിനുള്ളില്‍ നിന്ന് തന്നെ ലഭിക്കുന്ന വിവരം.

സൈബര്‍ ഡോമിനെതിരായി വാര്‍ത്ത നല്‍കാന്‍ ചില ‘വിവരങ്ങള്‍’ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ കൊച്ചിയിലെ ഒരു മാധ്യമപ്രവര്‍ത്തകന് കൈമാറിയതായാണ് ഒടുവിലായി ലഭിക്കുന്ന സൂചന. ഈ ഉദ്യോഗസ്ഥന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പി.ആര്‍ കമ്പനിയും രഹസ്യമായി അണിയറയില്‍ ചരടുവലിക്കുന്നുണ്ട്.

സൈബര്‍ ഡോമിന്റെ ചുമതലയുള്ള ഉന്നത ഐപിഎസ് ഓഫീസറുമായുള്ള ശത്രുതയാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നാണ് സൂചന. മോശം പ്രതിച്ഛായയുള്ള ഈ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ നടപടിക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിച്ചതിലുള്ള പ്രതികാരമാണത്രെ ഇതിന് കാരണം.

സംസ്ഥാന പൊലീസിന് അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ പ്രതിച്ഛായ നല്‍കാന്‍ ഇടയാക്കുന്ന പദ്ധതിക്കെതിരെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാന പൊലീസില്‍ ക്രൈംബ്രാഞ്ചിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൈടെക് സെല്ലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വ്യാപക ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സൈബര്‍ സുരക്ഷയും സൈബര്‍ കുറ്റകൃത്യങ്ങളും കാര്യക്ഷമമായി കൈകൈാര്യം ചെയ്യുന്നതിനായി ‘സൈബര്‍ ഡോം’ പദ്ധതിയുമായി കേരള പൊലീസ് രംഗത്ത് വന്നത്. ടെക്‌നോപാര്‍ക്കിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

cdec0c57-61b8-4e81-a729-f45a5f30b973

ഹൈടെക് സെല്ലും, സൈബര്‍ പൊലീസ് സ്റ്റേഷനും ഉപയോഗിച്ച് അനധികൃതമായി വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും സൈബര്‍ കേസുകള്‍ അട്ടിമറിക്കുകയും കള്ളക്കേസുകള്‍ ചുമത്തുകയും ചെയ്യുന്നവര്‍ക്ക് സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനം മാര്‍ഗ്ഗ തടസമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സര്‍ക്കാര്‍ വകുപ്പുകളെയും നിയമം നടപ്പാക്കുന്ന ഏജന്‍സി, വ്യവസായ മേഖല,അക്കാദമിക് മേഖല, അന്താരാഷ്ട്ര സൈബര്‍ വിദഗ്ധര്‍ എന്നിവരെ ഒറ്റ ഫ്‌ളാറ്റ്‌ഫോമില്‍ അണിനിരത്തുക എന്നതാണ് സൈബര്‍ ഡോമിന്റെ ഉദ്യേശം.

പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഈ പദ്ധതി രാജ്യത്ത് വര്‍ധിച്ച് വരുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണം അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കംപ്യൂട്ടര്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ മുന്‍കൂട്ടി കണ്ടെത്തുകയും തടയുകയും ചെയ്യുന്ന ഇന്‍സിഡന്റ് റെസ്‌പോണ്‍സ്, സൈബര്‍ ഫോറന്‍സിക്, സൈബര്‍ ഇന്റലിജന്റ്, വകുപ്പുതല സംവിധാനങ്ങള്‍, നെറ്റ് വര്‍ക്കുകള്‍, സൈബര്‍ ഡാറ്റകള്‍ എന്നിവയെ സംരക്ഷിക്കുന്ന സൈബര്‍ സെക്യൂരിറ്റി ഇതിന്റെ ഭാഗമാണ്.

ഹൈടെക് സെല്‍ ഉള്‍പ്പെടെ സംസ്ഥാന പൊലീസിലെ സൈബര്‍ വിഭാഗങ്ങളുടെയെല്ലാം കോഡിനേറ്റിങ് ഏജന്‍സിയാണ് സൈബര്‍ ഡോം. എക്‌സ്‌പേര്‍ട്ട് പരിമിതി കേരളാ പൊലീസിന് ഉള്ളതിനാലാണ് ടെക്‌നോളജി അറിയുന്ന വിദഗ്ധരെ പദ്ധതിയുമായി സഹകരിപ്പിക്കുന്നത്. പൂര്‍ണ്ണമായും പൊലീസിന്റെ കണ്‍ട്രോളിങില്‍ നിയമപരമായാണ് പ്രവര്‍ത്തനം.

നവമാധ്യമങ്ങളിലെ ആരോഗ്യകകരമായ അഭിപ്രായപ്രകടനങ്ങള്‍ക്ക് കൂച്ച് വിലങ്ങിടാനോ ഏതെങ്കിലും വ്യക്തികള്‍ക്ക് വേണ്ടിയോ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയോ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചോ അല്ല സൈബര്‍ ഡോം പദ്ധതിയെന്നും എന്നാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നുമാണ് അധികൃതരുടെ മുന്നറിയിപ്പ്.

തീവ്രവാദ സംഘടനകള്‍ വരെ നുഴഞ്ഞ് കയറുന്ന സൈബര്‍ മേഖലയില്‍ ആവശ്യമായ സുരക്ഷ ഒരുക്കാനും നിരീക്ഷണം നടത്താനും നടപടി സ്വീകരിക്കാനും പൊലീസ് പ്രതിജ്ഞാബദ്ധമാണെന്നും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടതില്ലെന്നുമാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.

Top