യുവ ഡോക്ടര്‍ ഷഹനയുടെ മരണം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, കമ്മീഷണര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. ഈ മാസം 14 ന് നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കാനാണ് മൂവരോടും നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നും സുഹൃത്തായ ഡോക്ടര്‍ പിന്മാറിയതാണ് ഷഹനയുടെ ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വന്‍ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതാണ് മരണ കാരണമെന്നാണ് മെഡിക്കല്‍ കോളേജ് പൊലീസിനോടും വനിതാ കമ്മീഷന്‍ അധ്യക്ഷയോടും ബന്ധുക്കള്‍ പറഞ്ഞത്. ഷഹനയുടെ സുഹൃത്തായ ഡോക്ടറെ അടക്കം ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

സങ്കടങ്ങളെല്ലാം ആത്മഹത്യകുറിപ്പില്‍ എഴുതിയാണ് ഡോക്ടര്‍ ഷെഹ്ന ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗത്തില്‍ പിജി ചെയ്യുകയായിരുന്നു ഷെഹന. കഴിഞ്ഞദിവസമാണ് ഷഹനയെ അനസ്‌തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയില്‍ ഫ്‌ലാറ്റില്‍ കണ്ടെത്തിയത്. സുഹൃത്തും പിജി ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധിയുമായ ഡോക്ടറുമായി ഷെഹന അടുപ്പത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചിരുന്നു. ഇതിനിടെ വരന്റെ വീട്ടുകാര്‍ വന്‍ തുക സ്ത്രീധനം ആവശ്യപ്പെട്ടെന്നാണ് ഷെഹനയുടെ ബന്ധുക്കള്‍ പറയുന്നത്. താങ്ങാവുന്നതിലും അപ്പുറമുള്ള തുകയായതിനാല്‍ വിവാഹം മുടങ്ങി. വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. ഇത് ഷെഹനയെ മാനസികമായ തകര്‍ത്തിരുന്നുവെന്നാണ് മൊഴി.

ആത്മഹത്യാ കുറിപ്പില്‍ ആരുടേയും പേര് പറഞ്ഞിട്ടില്ല. അസ്വാഭാവിക മരണത്തിനാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്. ഷെഹനയുടെ സുഹൃത്തും ആരോപണ വിധേയനുമായ ഡോക്ടര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സ്ത്രീധനമാണ് ആത്മഹത്യക്ക് പിന്നില്ലെന്ന ആരോപണത്തെ കുറിച്ച് ശിശുവികസന വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. വെഞ്ഞാറമൂട് സ്വദേശിയായ ഷെഹ്ന പഠനത്തില്‍ മിടുക്കിയായിരുന്നു. മെറിറ്റ് സീറ്റിലായിരുന്നു എംബിബിഎസ് പ്രവേശനം. വിദേശത്തായിരുന്നു അച്ഛന്‍ മാസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. ഇതോടെയാണ് കുടംബത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. സഹോദരന്‍ ഒരു കമ്പ്യൂട്ടര്‍ സെന്ററില്‍ ജോലി ചെയ്യുകയാണ്. ഷെഹ്നയുടെ അച്ഛന്‍ പലര്‍ക്കും പണം കടം കൊടുത്തിരുന്നു. ആ പണവും തിരികെ കിട്ടിയിട്ടില്ല. ഇതും ഈ കുടുംബത്തെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Top