സംസ്ഥാനത്ത് ഇന്ന് 6.44 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6,44,030 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1939 വാക്‌സിന്‍ കേന്ദ്രങ്ങളാണ് ഇന്നുണ്ടായിരുന്നത്. അതില്‍ 1555 സര്‍ക്കാര്‍ കേന്ദ്രങ്ങളും 384 സ്വകാര്യ കേന്ദ്രങ്ങളുമാണ് ഉണ്ടായിരുന്നത്.

ഇതിന് മുമ്പ് 4 ദിവസം 5 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായി. ജൂലൈ 30ന് 5,15,244 ആഗസ്റ്റ് 13ന് 5,60,515, ആഗസ്റ്റ് 14ന് 5,28,321, സെപ്റ്റംബര്‍ 7ന് 7,78,626 എന്നിങ്ങനെയാണ് നേരത്തെ 5 ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇതുവരെ ആകെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ 3,14,17,773 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 2,26,24,309 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 87,93,464 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയതെന്നും മന്ത്രി അറിയിച്ചു.

ഇതോടെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 78.83 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 30.64 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം 63.91 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 24.84 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

Top