ഒരു കോടി ഡോസ് വാക്‌സിന്‍ ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സംസ്ഥാനം ഹൈക്കോടതിയില്‍

kerala hc

കൊച്ചി: ഒരു കോടി ഡോസ് കോവിഡ് വാക്സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത്രയധികം വാക്‌സീന്‍ നല്‍കാനാകില്ലെന്ന് കമ്പനികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഓര്‍ഡര്‍ റദ്ദാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന പരിധിക്കുള്ളില്‍ നിന്ന് മാത്രമേ സംസ്ഥാനങ്ങള്‍ക്ക് വാക്സീന്‍ നല്‍കാന്‍ കഴിയൂ എന്ന് കമ്പനികള്‍ അറിയിച്ചതായി കേരളം ഹൈക്കോടതിയെ അറിയിച്ചു.

വാക്‌സീന്‍ വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. പുതിയ വാക്‌സീന്‍ വിതരണ നയം സംബന്ധിച്ച് നാളെ നിലപാടറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ വാക്‌സീന്‍ നയത്തില്‍ മാറ്റം പ്രഖ്യാപിച്ചത്. ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സീന്‍ നല്‍കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം.

Top