കിറ്റെക്‌സുമായി പ്രശ്‌ന പരിഹാര ശ്രമത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: കിഴക്കമ്പലം കിറ്റെക്സുമായുള്ള പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങി. നാളെ എറണാകുളം കളക്ടറുടെ ചേംബറില്‍ എം.എല്‍.എ.മാരുടെ യോഗം വിളിച്ചു. കിറ്റെക്‌സ് ഉടമയുമായി വ്യക്തിപരമായ വിദ്വേഷം ഇല്ലെന്ന് കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജന്‍ അറിയിച്ചു. മുന്‍കൂട്ടി അറിയിച്ച ശേഷം പരിശോധന നടത്തുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും എം.എല്‍.എ. വ്യക്തമാക്കി. പരിശോധനയില്‍ വീഴ്ച കണ്ടെത്തിയാല്‍ വീണ്ടും പരിശോധന നടത്തുമെന്നും പി.വി. ശ്രീനിജന്‍ അറിയിച്ചു.

അതേസമയം, പതിമൂന്ന് തവണയാണ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ കിറ്റെക്സില്‍ പരിശോധന നടത്തുന്നത്. മിന്നല്‍ പരിശോധന നടത്തില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കാണെന്ന് കിറ്റെക്സ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വേട്ടയാടലിനെ തുടര്‍ന്ന് 3500 കോടിയുടെ നിക്ഷേപം മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ പരിശോധനയെന്നും കേരളത്തിലെ കമ്പനി പൂട്ടിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും എംഡി സാബു എം ജേക്കബ് അറിയിച്ചിരുന്നു.

 

Top