കാലഹരണപ്പെട്ട 116 നിയമങ്ങള്‍ റദ്ദാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

നാവശ്യമെന്ന് കണ്ടെത്തിയ 116 നിയമങ്ങള്‍ റദ്ദാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ബന്ധപ്പെട്ട വകുപ്പുകളോട് അഭിപ്രായം തേടി നിയമവകുപ്പ്. ഇതിനുള്ള കരട് ബില്ലില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും നിയമവകുപ്പ് അഭിപ്രായം തേടി. കമ്മിഷന്‍ കണ്ടെത്തിയത് 218 നിയമങ്ങളായിരുന്നെങ്കിലും പല ഘട്ടങ്ങളിലെ പരിശോധനയില്‍ ഇവ 116 ആയി ചുരുക്കി. ഏതെങ്കിലും നിയമം ഒഴിവാക്കുന്നതില്‍ വകുപ്പുകള്‍ എതിര്‍പ്പറിയിച്ചാല്‍ പുനഃപരിശോധന വേണ്ടിവരും. ഇതിനുശേഷം മന്ത്രിസഭയുടെ അനുമതിയോടെ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. അനാവശ്യ നിയമങ്ങള്‍ ഒഴിവാകുന്നതോടെ ഇവ സൃഷ്ടിക്കുന്ന സങ്കീര്‍ണതകള്‍ കുറയും. ഫയല്‍ നീക്കമടക്കം വേഗത്തിലാകും.

‘കേരള റദ്ദാക്കലും ഒഴിവാക്കലും ബില്‍’ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ഒരു ബില്‍ കേരളം പാസാക്കിയിരുന്നു. അന്തരിച്ച റിട്ട.ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ നിയമപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാനായിരിക്കെ 2009ല്‍ നിര്‍ദേശിച്ച 105 നിയമങ്ങളാണ് ഈ ബില്ലില്‍ ഉള്‍പ്പെടുത്തിയത്.
1040 മുതല്‍ 2007 വരെയുള്ള, കാലഹരണപ്പെട്ടതും അനാവശ്യവും കേന്ദ്രനിയമത്തിന് എതിരുമായ നിയമങ്ങളാണു റദ്ദായത്. പല വിഷയങ്ങളുമായി ബന്ധപ്പെട്ട ട്രാവന്‍കൂര്‍ ആക്ട്, കൊച്ചിന്‍ ആക്ട്, മദ്രാസ് ആക്ട്, ട്രാവന്‍കൂര്‍-കൊച്ചിന്‍ ആക്ട് എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു. 1963 മുതല്‍ 1982 വരെ കേരള സര്‍ക്കാര്‍ പാസാക്കിയ 10 നിയമങ്ങളും 2002 മുതല്‍ 2007 വരെയുള്ള 59 ഭേദഗതി നിയമങ്ങളും ഇത്തരത്തില്‍ റദ്ദാക്കപ്പെട്ടു. നിയമങ്ങള്‍ സര്‍ക്കാര്‍ രേഖപ്പെടുത്തിവയ്ക്കുന്ന സ്റ്റാറ്റിയൂട്ട് ബുക്കില്‍ നിന്നു മാറ്റുകയും ചെയ്തു. കഴിഞ്ഞ ബില്ലിന്റെ പേരില്‍ തന്നെ, വര്‍ഷം വ്യത്യാസപ്പെടുത്തിയാണു പുതിയ ബില്ലും വരിക.

Top