പ്രശ്‌നം ഇ-പോസിനല്ല, ആധാര്‍ ഓതന്റിക്കേഷനാണ്; റേഷന്‍ വിതരണത്തില്‍ കേന്ദ്രത്തെ പഴിചാരി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണത്തില്‍ തടസ്സം നേരിടുന്നതില്‍ കേന്ദ്രത്തെ പഴിചാരി സംസ്ഥാന സര്‍ക്കാര്‍. തടസ്സത്തിന് കാരണം ആധാര്‍ സംവിധാനത്തിലെ അപാകതയെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ റേഷന്‍ വിതരണത്തില്‍ മണിക്കൂറുകളോളം തടസ്സം നേരിട്ടിരുന്നു. ഇ-പോസ് മിഷനിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റേഷന്‍ കടയുടമകള്‍ ആരോപിച്ചത്. എന്നാല്‍ പ്രശ്‌നം ഇ-പോസ് മിഷന്റെ അല്ല മറിച്ച് ആധാര്‍ ഓതന്റിക്കേഷനാണെന്ന് മന്ത്രി പറയുന്നു.

വിഷയം കേന്ദ്ര ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് അരിവിതരണത്തിന് തടസ്സമുണ്ടാകില്ല. കാര്യക്ഷമമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Top