ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിനുശേഷം കായിക മന്ത്രി വി അബ്ദുള്‍ റഹിമാനാണ് വാര്‍ത്താസമ്മേളനത്തില്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചത്.

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒളിമ്പിക്‌സ് മെഡലുകള്‍ക്ക് പിന്നാലെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശ്രീജേഷിനെ കേരളം അവഗണിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് സര്‍ക്കാര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.

കൂടാതെ, ഒളിമ്പിക്‌സില്‍ പങ്കെടുത്ത മറ്റ് എട്ട് മലയാളി കായിക താരങ്ങള്‍ക്കും പാരിതോഷികം പ്രഖ്യാപിച്ചു. ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം നല്‍കുന്നതിന് പുറമെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ( സ്‌പോര്‍ട്‌സ് ) ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടര്‍ ( സ്‌പോര്‍ട്‌സ് ) ആയി സ്ഥാനക്കയറ്റം നല്‍കുവാനും തീരുമാനിച്ചു. എട്ട് കായികതാരങ്ങള്‍ക്ക് നേരത്തെ പ്രോത്സാഹനമായി തയ്യാറെടുപ്പിന് അനുവദിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും.

Top