സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും; കരുവന്നൂര്‍ പ്രതിസന്ധി അടക്കമുള്ളവ യോഗം വിലയിരുത്തും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. കരുവന്നൂര്‍ പ്രതിസന്ധി അടക്കം സഹകരണ മേഖലയിലെ പ്രശ്‌ന പരിഹാരം സംബന്ധിച്ച് സര്‍ക്കാര്‍ നടപടികള്‍ മന്ത്രിസഭാ യോഗം വിലയിരുത്തും. ഇന്നലെ സഹകരണ വകുപ്പിലേയും കേരളാ ബാങ്കിന്റെയും ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സഹകരണ സംഘം ഭാരവാഹികളുടെ ഓണ്‍ലൈന്‍ മീറ്റിംഗും നടക്കുന്നുണ്ട്.

പ്രതിസന്ധി പരിഹരിക്കാന്‍ സഹകരണ സംഘങ്ങളില്‍ നിന്ന് കരുവന്നൂരിലേക്ക് നിക്ഷേപമെത്തിക്കാനാണ് ആലോചിക്കുന്നത്. സഹകരണ നിയമഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിട്ട് വന്നാല്‍ മാത്രമെ സഹകരണ സംരക്ഷണ നിധി അടക്കമുള്ള കാര്യങ്ങളിലെ സാങ്കേതികത്വം ഒഴിയുകയുള്ളു. ഈ സാഹചര്യമടക്കം നിലവിലെ സ്ഥിതി മന്ത്രിസഭാ യോഗം വിലയിരുത്തും.

റദ്ദാക്കിയ വൈദ്യുതി കരാറുകള്‍ പുനസ്ഥാപിക്കാന്‍ തീരുമാനമെടുക്കാനും സാധ്യതയുണ്ട്. വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് അനുസരിച്ചു കമ്മീഷന് നിര്‍ദേശം നല്കാനാണ് ശ്രമം. യുഡിഎഫ് കാലത്തെ 450 മെഗാ വാട്ടിന്റെ ദീര്‍ഘ കാല കരാര്‍ ആണ് സാങ്കേതിക പ്രശ്‌നം ഉന്നയിച്ചു കമ്മീഷന്‍ റദ്ദാക്കിയത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ആണ് കരാര്‍ പുനസ്ഥാപിക്കാന്‍ നീക്കം തുടങ്ങിയത്.

Top