അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന നിലപാട്; വിഷയം കോണ്‍ഗ്രസില്‍ പുകയുന്നു

യോധ്യ വിഷയം കോണ്‍ഗ്രസില്‍ പുകയുന്നു. ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേതാക്കള്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നതില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലാണ്. വിഷയത്തില്‍ പരസ്യം പ്രതികരണം ഒഴിവാക്കണമെന്നാണ് ഹൈക്കമാന്‍ഡ് പിസിസികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

ബഹിഷ്‌കരിക്കുമെന്നാണ് കോണ്‍ഗ്രസ് നിലപാടെങ്കിലും ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഹിമാചല്‍ മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിംഗ് പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കുന്നത് പുത്ര ധര്‍മ്മമെന്നാണ് വിക്രമാദിത്യ സിംഗ് പറഞ്ഞത്. രാമക്ഷേത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച വീരഭദ്ര സിംഗിന്റെ മകന്‍ എന്ന നിലയില്‍, ചടങ്ങില്‍ പങ്കെടുക്കേണ്ടത് തന്റെ ധര്‍മ്മമാണെന്നാണ് വിക്രമാദിത്യ സിംഗിന്റെ നിലപാട്.കോണ്‍ഗ്രസ് തീരുമാനത്തില്‍ നിരാശ അറിയിച്ച് പാര്‍ട്ടി നേതാവ് ആചാര്യ പ്രമോദ് കൃഷ്ണനും രംഗത്തുവന്നു. തീരുമാനം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെ ഹൃദയം തകര്‍ത്തു. തീരുമാനം വളരെ വേദനാജനകമാണ്. ചില വ്യക്തികളുടെ പങ്കാണ് പാര്‍ട്ടി ഇത്തരത്തില്‍ തീരുമാനം എടുക്കാന്‍ ഇടയാക്കിയത്. കോണ്‍ഗ്രസ് ശ്രീരാമനും ഹിന്ദുക്കള്‍ക്ക് എതിരല്ലെന്നും ആചാര്യ പ്രമോദ് കൃഷ്ണന്‍ പറഞ്ഞു.

സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. കോണ്‍ഗ്രസ് പങ്കെടുക്കുമെന്ന കാര്യത്തില്‍ അഭ്യൂഹം നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അയോധ്യയിലേക്കില്ലെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ മാസം 22നാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ്.അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി രംഗത്തെത്തി. ശ്രീരാമനെ വിശ്വാസമില്ലാത്തവരാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രത്തില്‍ പോകുന്നത് ജനം ഓര്‍ക്കുമെന്നും മീനാക്ഷി ലേഖി പറഞ്ഞു.

Top