വീണ്ടുമൊരു ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു; പാകിസ്ഥാൻ സെമിയിൽ വീണു

ലോകകപ്പ് ക്രിക്കറ്റില്‍ വീണ്ടുമൊരു ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ പോരാട്ടം. ഇത്തവണ പോരാട്ടം കൗമാരപ്പട മാറ്റുരക്കുന്ന അണ്ടർ 19 ലോകകപ്പിലാണ്. ആവേശം അവസാന ഓവര്‍ വരെ നീണ്ട രണ്ടാം സെമിഫൈനലില്‍ പാകിസ്ഥാനെ ഒരു വിക്കറ്റിന് വീഴ്ത്തിയാണ് ഓസ്ട്രേലിയ ഫൈനലില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും സീനിയര്‍ ടീമുകള്‍ ഏകദിന ലോകകപ്പ് ഫൈനലിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഏറ്റുമുട്ടിയതിന് പിന്നാലെയാണ് കൗമാര ലോകകപ്പിലും ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ ആവര്‍ത്തിക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 179ല്‍ എറിഞ്ഞൊതുക്കിയെങ്കിലും ഓസ്ട്രേിലയയുടെ വിജയം അനായാസമായിരുന്നില്ല.അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഹാരി ഡിക്സണും 49 റണ്‍സടിച്ച ഒലിവര്‍ പീക്കെയും 25 റണ്‍സെടുത്ത ടോം കാംപ്‌ബെല്ലുമൊഴികെ മറ്റാരും പൊരുതാതിരുന്ന മത്സരത്തില്‍ ഓസ്ട്രേലിയ അവസാന ഓവറില്‍ അവസാന വിക്കറ്റിലാണ് ജയിച്ചു കയറിയത്.

എട്ടാമനായി ക്രീസിലിറങ്ങിയ റാഫ് മക്‌മില്ലന്‍റെ(29 പന്തില്‍ 19*) വീരോചിത ചെറുത്തു നില്‍പ്പാണ് ഓസീസിന് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചത്. അവസാന വിക്കറ്റില്‍ മക്‌മില്ലനും വൈല്‍ഡറും ചേര്‍ന്ന് 19 പന്തില്‍ 17 റണ്‍സെടുത്തത് മത്സരത്തില്‍ നിര്‍ണായകമായി. 2018നുശേഷം ആദ്യമായാണ് ഓസ്ട്രേലിയ അണ്ടര്‍ 19 ലോകകപ്പില്‍ ഫൈനലിലെത്തുന്നത്. 10 ഓവറില്‍ 33 റണ്‍സിന് നാലു വിക്കറ്റെടുത്ത പാകിസ്ഥാന്‍റെ 15 വയസുകാരന്‍ അലി റാസയുടെ പോരാട്ടം പാഴായി.

ഓപ്പണിംഗ് വിക്കറ്റില്‍ ഡിസ്കണും സാം കോണ്‍സ്റ്റാസും ചേര്‍ന്ന് 33 റണ്‍സടിച്ചപ്പോള്‍ ഓസീസ് അനായാസ ജയം നേടുമെന്ന് തോന്നിച്ചെങ്കിലും കോണ്‍സ്റ്റാസിനെ(14) അലി റാസ വീഴ്ത്തിയതോടെ ഓസീസ് തകര്‍ന്നു തുടങ്ങി. ക്യാപ്റ്റന്‍ ഹു വെയ്ബ്‌ഗെന്‍(4), ഹര്‍ജാസ് സിങ്(5), റ്യാന്‍ ഹിക്സ്(0) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ 59-4ലേക്ക് കൂപ്പുകുത്തി. അര്‍ധസെഞ്ചുറി നേടിയ ഡിക്സണ്‍ ടീം സ്കോര്‍ 100 കടന്നതിന് പിന്നാലെ മടങ്ങി. ഒലിവര്‍ പീക്കും(49), ടോം കാംപ്‌ബെല്ലും ചേര്‍ന്ന കൂട്ടുകെട്ട ഓസീസിന് പ്രതീക്ഷ നല്‍കിയെങ്കിലും പീക്കിനെ പുറത്താക്കി അലി റാസയാണ് പാകിസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

Top