ശ്രീലങ്കന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് ; ഫലം ഞായറാഴ്ച പുറത്ത് വരും

കൊളംബോ : ശ്രീലങ്കന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി സജിത് പ്രേമദാസ മത്സരിക്കുമ്പോള്‍, മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ സഹോദരനായ ഗോതാബയ രാജപക്ഷെയാണ് ശ്രീലങ്ക പീപ്പിള്‍ ഫ്രണ്ട് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി.

ആകെ 35 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഫലം ഞായറാഴ്ച പുറത്ത് വരും.

ഗോതബായയുടെ വിജയം ഉറപ്പാക്കാന്‍ മുന്‍ പ്രസിഡന്റ് കൂടിയായ മഹിന്ദ രാജപക്ഷെ ഉള്‍പ്പെടെയുള്ള രാജപക്ഷെ സഹോദരങ്ങളെല്ലാം പ്രചാരണ രംഗത്ത് സജീവമാണ്. കഴിഞ്ഞ ഈസ്റ്ററില്‍ കൊളംബോയിലുണ്ടായ ഭീകരാക്രമണത്തിന് ഇടയാക്കിയ സുരക്ഷാ വീഴ്ച്ചയാണ് ഗോതബായ രാജപക്ഷെയുടെ പ്രധാന പ്രചാരണവിഷയം.

എന്നാല്‍, തമിഴ്, മുസ്ലീം ന്യൂനപക്ഷങ്ങള്‍ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ സജിത് പ്രേമദാസ. സെനറ്റിന്റെ അധികാരം തിരികെ സ്ഥാപിച്ചു പ്രവിശ്യകള്‍ക്കു കൂടുതല്‍ ഭരണാധികാരം നല്‍കുമെന്നും പ്രേമദാസ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Top