സി.പി.എം ഓഫീസ് റെയ്ഡ് ചെയ്ത എസ്.പിയുടെ സഹോദരനും ഐ.പി.എസ് !

കോഴിക്കോട്: ഒരു വീട്ടില്‍ നിന്ന് മൂന്നു പേര്‍ സിവില്‍ സര്‍വ്വീസിലേക്ക്. എസ്പി ചൈത്ര തെരേസ ജോണിന്റെ സഹോദരന്‍ ഡോക്ടര്‍ ജോര്‍ജ് അലന്‍ ജോണിനാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 156-ാം റാങ്ക് ലഭിച്ചത്. എംഎസ് ഓര്‍ത്തോപീഡിക്‌സ് സര്‍ജന്‍ കൂടിയാണ് ഡോക്ടര്‍ ജോര്‍ജ് അലന്‍ ജോണ്‍. ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് ഇപ്പോള്‍. കോഴിക്കോട് ഈസ്റ്റ് ഹില്‍ സ്വദേശിയാണ്.

ഐആര്‍എസ് ഉദ്യോഗസ്ഥനായിരുന്ന ഡോക്ടര്‍ ജോണ്‍ ജോസഫിന്റെ മകനാണ്. കേന്ദ്ര ധനകാര്യ വകുപ്പില്‍ സ്‌പെഷല്‍ സെക്രട്ടറിയായാണ് ജോണ്‍ ജോസഫ് വിരമിച്ചത്.

നിലവില്‍ ജോര്‍ജ് അലനും ഐപിഎസ് ലഭിക്കാനാണ് സാധ്യത. ഏതു കേഡറാണെന്ന് ഇപ്പോള്‍ അറിയില്ല. ആരോഗ്യ സര്‍വകലാശാല എംഎസ് ഓര്‍ത്തോപീഡിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായിരുന്നു ജോര്‍ജ് അലന്‍. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലായിരുന്നു എംബിബിഎസ് പഠനം. സ്‌കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയ സ്‌കൂളിലും ആയിരുന്നു.

2015 ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 111-ാം റാങ്കുകാരിയായിരുന്നു ചൈത്ര തെരേസ ജോണ്‍. കേരള കേഡറിലെ ഉദ്യോഗസ്ഥയാണ്. നിലവില്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ എസ്പിയാണ്. ചേച്ചിയും അനിയനും ഒരേ കേഡറില്‍ ഐപിഎസ് ഉദ്യോഗസ്ഥരായി ജോലി ചെയ്യുമോയെന്ന് വരും ദിവസങ്ങളില്‍ അറിയാം. അമ്മ ഡോക്ടര്‍ മേരി എബ്രഹാം അനിമല്‍ ഹസ്ബന്‍ഡറി ജോയിന്റ് ഡയറക്ടറായി വിരമിച്ചു.

Top