എറണാകുളത്ത് മികച്ചരീതിയില്‍ കോവിഡ് വ്യാപനം തടയാന്‍ സാധിച്ചു; മന്ത്രി പി രാജീവ്

കൊച്ചി: എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഫലപ്രദമായി കോവിഡ് വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കോവിഡ് വ്യാപന നിരക്ക് കുറയ്ക്കുന്നതിന് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സഹായിച്ചിണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഒരു പഞ്ചായത്തില്‍ മാത്രമാണ് ടെസ്റ്റ് പോസിറ്റീവ് റേറ്റ് 50 ശതമാനത്തിനു മുകളില്‍ ഉള്ളത്. ഇവിടെ മൊബൈല്‍ ടെസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 25% മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളില്‍ ഇനിയും നിയന്ത്രണങ്ങള്‍ തുടരും.

ഒരു ഘട്ടത്തില്‍ 35% വരെ ടി പി ആര്‍ ഉയര്‍ന്നിട്ടുണ്ട്. അത് 24% കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. 10 % ആക്കി കുറയ്ക്കുന്നതിനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ 0.2 ശതമാനമാണ് മരണനിരക്ക്. ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും എഫ്എല്‍ടിസിയും സിഎഫ്എല്‍സികളും സജ്ജമാണ്. ഓക്‌സിജന്‍ ബെഡ്ഡുകള്‍, വെന്റിലേറ്റര്‍ ബെഡ്ഡുകള്‍, ഐസിയു എന്നിവ ആവശ്യത്തിന് ഒരുക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകളും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തില്‍ സ്വീകരിച്ച സമീപനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കലൂര്‍ മെട്രോ സ്‌റ്റേഷന്‍ ഐസി 4 വച്ച് നടന്ന ജില്ലയിലെ കോവിഡ് പ്രതിരോധ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Top