ഹൂതികളുടെ മിസൈലാക്രമണം സൈന്യം തകര്‍ത്തു

സൗദി: സൗദിയിലെ ജിസാനിലെ എകണോമിക് സിറ്റി ലക്ഷ്യം വെച്ചുള്ള ഹൂതികളുടെ മിസൈലാക്രമണം സൈന്യം തകര്‍ത്തു. യമനില്‍ സമാധാന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ ഇത് നാലാം തവണയാണ് മിസൈലാക്രമണം ഉണ്ടായത്.

ജിസാനിലെ എക്‌ണോമിക് സിറ്റിയില്‍ നിര്‍മാണത്തിലിരിക്കുന്ന അരാംകോ പ്ലാന്റ് ലക്ഷ്യം വെച്ചാണ് ഹൂതികള്‍ മിസൈലയച്ചത്. ഇക്കാര്യം ഹൂതികള്‍ വ്യക്തമാക്കിയിരുന്നു.ഇതിന് തൊട്ടു പിന്നാലെ സൗദി സൈനിക സംവിധാനം മിസൈല്‍ ആകാശത്ത് വെച്ച് തകര്‍ത്തു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യമനില്‍ ഐക്യരാഷ്ട്ര സഭാ നേതൃത്വത്തില്‍ സമാധാന ചര്‍ച്ച തുടങ്ങിയ ശേഷം ഇത് നാലാം തവണയാണ് ഹൂതികള്‍ സൗദിക്ക്‌ നേരെ മിസൈല്‍ ആക്രമണം നടത്തുന്നത്.

പ്രകോപനം ഇറാന്റെ സഹായത്തോടെയാണെന്ന് സൗദി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ഹുദൈദ തുറമുഖ മേഖലയില്‍ യുഎന്‍ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഏറ്റുമുട്ടല്‍ നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ നേരത്തെ ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലകള്‍ ഹൂതികളില്‍ നിന്ന് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യമന്‍ സൈന്യവും സഖ്യസേനയും.

പടിഞ്ഞാറന്‍ പ്രവിശ്യയിലെ താഇസ് ഹൈവേ ഹൂതികളില്‍ നിന്നും പിടിച്ചെടുത്തായി സൈന്യം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലില്‍ നിലവിലെ സ്ഥിതി വിശദീകരിച്ച മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് അടുത്ത ദിവസം മടങ്ങിയെത്തുമെന്നാണ് സൂചന.

Top