രാഷ്ട്രീയ നിലപാടിനെ ചൊല്ലി മുസ്ലീംലീഗിൽ ഭിന്നത രൂക്ഷം, വീണ്ടും… പിളരുമോ ?

മുസ്ലിംലീഗിൽ ഇത് മാറ്റത്തിന്റെ കാലമാണ്. പതിവിൽ നിന്നും വ്യത്യസ്തമായ രീതികളിലൂടെയാണ് ആ പാർട്ടി ഇപ്പോൾ സഞ്ചരിക്കുന്നത്. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധത ലീഗ് നേതൃത്വത്തിലെ പ്രബല വിഭാഗത്തിന് ഇപ്പോഴില്ല. സി.പി.എം ഇല്ലാത്ത കേരളത്തെ പറ്റി ചിന്തിക്കാൻ കഴിയില്ലന്ന് പറഞ്ഞത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ്. അടുത്തയിടെ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം. ഇതു തന്നെയാണ് പി.കെ കുഞ്ഞാലിക്കുട്ടിയും മറ്റു മുതിർന്ന നേതാക്കളും പറഞ്ഞു കൊണ്ടിരിക്കുന്നത്. സംഘപരിവാറിനെതിരായ പോരാട്ടത്തിൽ കേരളത്തിൽ സി.പി.എം ചെയ്തതു പോലുള്ള വലിയ ത്യാഗം മറ്റൊരു പാർട്ടിയും ചെയ്തിട്ടില്ല. ഈ യാഥാർത്ഥ്യം കൂടി മനസ്സിലാക്കിയാണ് ലീഗ് വോട്ട് ബാങ്കായ സമസ്ത ഉൾപ്പെടെ ചുവപ്പിനോടുള്ള സ്നേഹം പ്രകടമാക്കിയിരുന്നത്.

സമസ്ത നേതൃത്വത്തിന്റെ ഈ സിഗ്നലും ലീഗ് നേതൃത്വത്തിൻ്റെ പുതിയ നിലപാടിനെ സ്വാധിനിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി ഇടതുപക്ഷത്താണോ വലതുപക്ഷത്താണോ എന്ന സംശയം പ്രകടിപ്പിച്ച ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ ഇപ്പോൾ പാർട്ടിക്ക് പുറത്താണ്. അദ്ദേഹം ചോദ്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയെ ആണെങ്കിലും ആ ചോദ്യം ചെന്നു തറച്ചത് സാദിഖലി ശിഹാബ് തങ്ങൾക്ക് നേരെയാണ്. അതു കൊണ്ടാണ് നടപടിയും ശരവേഗത്തിൽ ഉണ്ടായിരിക്കുന്നത്. സാദിഖലി ആയാലും കുഞ്ഞാലിക്കുട്ടി ആയാലും ഇടതുപക്ഷത്തെ പ്രത്യേകിച്ച് സി.പി.എമ്മിനെ കടുത്ത രാഷ്ട്രീയ ശത്രുവായി കാണുന്നില്ലന്നതാണ് യാഥാർത്ഥ്യം. അവരെ സംബന്ധിച്ച് പ്രധാന ശത്രു സംഘ പരിവാറാണ്. അതിനെ ചെറുക്കാൻ ഇടതുപക്ഷത്തോട് കൂട്ടു കൂടേണ്ടിവന്നാൽ അതിനും തയ്യാറാണെന്നതാണ് ലീഗ് നേതൃത്വത്തിൻ്റെ നിലപാട്.

സി.പി.എം ഉള്ളതു കൊണ്ടാണ് ബി.ജെ.പിക്ക് കേരളത്തിൽ വളരാൻ കഴിയാത്തതെന്ന ബോധ്യവും സാദിഖലി തങ്ങൾക്കുണ്ട്. യു.ഡി.എഫിൽ തുടരുമെന്ന് പ്രഖ്യാപിക്കുമ്പോഴും ഒരിക്കലും ഇടതുപക്ഷത്തേക്ക് ഇല്ലന്ന് തറപ്പിച്ചു പറയാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. എം.കെ മുനീർ, കെ.എം ഷാജി തുടങ്ങിയ നേതാക്കൾ സ്വീകരിക്കുന്ന നിലപാടുകൾക്ക് വിരുദ്ധമായ നിലപാടാണിത്. എന്ത് സംഭവിച്ചാലും യു.ഡി.എഫ് വിടരുത് എന്നതാണ് മുനീർ വിഭാഗത്തിൻ്റെ അഭിപ്രായം. എന്നാൽ മറുവിഭാഗം ആ നിലപാടിനൊപ്പമല്ല ലോകസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ മുന്നണി മാറ്റം പോലും പരിഗണിക്കണമെന്ന അഭിപ്രായമാണ് ഈ വിഭാഗത്തിനുള്ളത്. ഇടതുപക്ഷത്തിനെതിരെ കുഞ്ഞാലിക്കുട്ടി നിലപാട് കടുപ്പിക്കാത്തതും ഈ സാധ്യത കൂടി മുൻ നിർത്തിയാണ്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വിജയം കൊണ്ടു മാത്രം യു.ഡി.എഫിന് ഭരണ സാധ്യത പ്രവചിക്കാൻ സാധിക്കില്ലന്നതാണ് കുഞ്ഞാലിക്കുട്ടി വിഭാഗത്തിൻ്റെ നിലപാട്. ദേശീയ തലത്തിൽ കോൺഗ്രസ്സിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതും ഖദർ മിന്നൽ വേഗത്തിൽ കാവിയണിയുന്നതുമെല്ലാം ലീഗ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നതാണ്. ഇനിയൊരു അഞ്ചു വർഷം കൂടി ഭരണമില്ലാത്ത ഒരവസ്ഥ ലീഗിന് ചിന്തിക്കാൻ പോലും കഴിയുകയില്ല. ഈ സാഹചര്യമൊക്കെ മുൻ കൂട്ടി കണ്ട് പ്രായോഗിക രാഷ്ട്രീയത്തിലേക്ക് ലീഗ് പോകുമെന്നു തന്നെയാണ് സൂചന. ഈ ഒരു ഭയം കോൺഗ്രസ്സിനും ഉള്ളതിനാലാണ് ലീഗിൽ തന്നെ കുത്തിതിരിപ്പിനു അവർ ശ്രമിക്കുന്നത്. കെ.എം ഷാജിക്കും എം.കെ മുനീറിനും പിന്നിൽ കോൺഗ്രസ്സിലെ യുവതുർക്കികളുടെ പ്രേരണ ഉണ്ടെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇപ്പോൾ പ്രതികരിക്കുന്നില്ലങ്കിലും നിർണ്ണായക ഘട്ടത്തിൽ ഇതിനുള്ള മറുപടി നൽകാൻ തന്നെയാണ് നേതൃത്വത്തിന്റെ തീരുമാനം.

ഇടതുപക്ഷവും ലീഗിലെ സംഭവ വികാസങ്ങളെ ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. ഇടതുപക്ഷവുമായി സഹകരിക്കാൻ ലീഗ് തീരുമാനിച്ചാൽ അത് ആ പാർട്ടിയിലെ പിളർപ്പിലാണ് കലാശിക്കുക. ഒരു വിഭാഗം യു.ഡി.എഫിൽ തുടരുകയും ചെയ്യും. ഇടതുപക്ഷത്തെ സംബന്ധിച്ച് ആ മുന്നണിയുടെ നയങ്ങളെ പിന്തുണയ്ക്കുന്ന ഏത് വിഭാഗത്തെയും ഉൾക്കൊള്ളാൻ പ്രയാസമുള്ള കാര്യമല്ല. സി.പി.എം നേതൃത്വത്തിന്റെ തീരുമാനമാണ് മുന്നണിയുടെ അന്തിമ തീരുമാനമായി നടപ്പാക്കപ്പെടുക. ലീഗിലെ ഒരു വിഭാഗം അടർന്നു വന്നാൽപ്പോലും അത് യു.ഡി.എഫ് എന്ന മുന്നണിയുടെ അടിവേരാണ് തകർക്കുക. കെ.ടി ജലീൽ പോന്നതിൻ്റെ ക്ഷീണം ഇന്നും ലീഗിനെ അലട്ടുന്ന സാഹചര്യത്തിൽ പ്രബല വിഭാഗം തന്നെ മുന്നണി വിട്ടാൽ യു.ഡി.എഫ് എന്നത് പിന്നെ വെറും കോൺഗ്രസ്സ് മാത്രമായി മാറും. വലതുപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ച് തകർച്ചയും അതോടെ പൂർണ്ണമാകും.

EXPRESS KERALA VIEW

Top