ദേശീയ പാതകളിലെ വേഗപരിധി 120 കിലോ മീറ്ററായി ഉയര്‍ത്തുന്നു

ന്യൂഡല്‍ഹി: ദേശീയപാതകളിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍ നിന്ന് 120 കിലോമീറ്ററായി ഉയര്‍ത്തുന്നു.

മൂന്ന് വര്‍ഷത്തിനകം വേഗപരിധി വര്‍ധിപ്പിക്കാനാണ് നീക്കമെന്നും ഇതുമൂലം മനുഷ്യ ജീവന്‍ അപകടപ്പെടില്ലെന്ന് ഉറപ്പാക്കാനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാനുള്ള നടപടികളുടെ ഭാഗമായി മുംബൈയ്ക്കും ഡല്‍ഹിക്കുമിടയ്ക്കുള്ള ദേശീയപാതയില്‍ ഇലക്ട്രിക് ലൈന്‍ സ്ഥാപിക്കാനാണ് തീരുമാനം.

മുംബൈയ്ക്കും പൂണെയ്ക്കുമിടെ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് തുടങ്ങാനും രാജ്യത്തെ ബസുകളുടെ എണ്ണം വര്‍ധിപ്പിച്ച് സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

ഇലക്ട്രിക്, ബയോ ഡീസല്‍, ബയോഗ്യാസ് ബസുകള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുമെന്നും എന്നാലിത് തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമായിരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ക്ക് രാജ്യത്ത് അനുമതി നല്‍കില്ലെന്ന് നിതിന്‍ ഗഡ്കരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമെ പ്രോത്സാഹനം നല്‍കു എന്ന പ്രസ്താവനയും.

Top