വേഗത മണിക്കൂറില്‍ 160 കിലോമീറ്റര്‍, പക്ഷെ ‘ഗതിമാന്‍’ ഓടിയെത്തുന്നത് വൈകി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന വിശേഷണത്തോടെ ഓടിത്തുടങ്ങിയ തീവണ്ടിയാണ് ഗതിമാന്‍ എക്‌സ്പ്രസ്. പക്ഷെ ഈ വണ്ടി സ്ഥലത്ത് ഓടിയെത്തുന്നതാവട്ടെ വൈകിയും.

ഡല്‍ഹി-ആഗ്ര റൂട്ടില്‍ ഗതിമാന്റെ സമയകൃത്യത പരിശോധിച്ച 10 തവണയില്‍ മൂന്നു തവണയും ട്രെയിന്‍ വൈകിയാണ് ഓടിയെത്തിയത്.

ഡല്‍ഹിയിലെ നിസാമുദീന്‍ സ്റ്റേഷനില്‍ നിന്ന് ആഗ്രയിലെ കന്റോണ്‍മെന്റ് വരെയുള്ള 188 കിലോമീറ്റര്‍ ദൂരം 1 മണിക്കൂര്‍ 40 മിനിട്ട് കൊണ്ട് എത്തിച്ചേരേണ്ടതാണ്. എന്നാല്‍ നോണ്‍സ്‌റ്റോപ് ട്രെയിനായിട്ട് പോലും ഗതിമാന്‍ വൈകുന്നുവെന്നാണ് വസ്തുത.

സ്വകാര്യ വ്യക്തി നല്‍കിയ വിവരാവകാശത്തിലൂടെയാണ് വേഗത സംബന്ധിച്ച വിവരം പുറത്ത് വന്നത്.

റെയില്‍വെ ട്രാക്കുകളില്‍ സ്ഥാപിച്ച സുരക്ഷാ മുന്നറിയിപ്പ് സിഗ്‌നല്‍ സംവിധാനം (ടി.പി.ഡബ്ലു.ഡി) ശരിയായ രീതിയിലല്ലാത്തതും അറ്റകുറ്റപണിയുമാണ് തീവണ്ടിയുടെ യാത്ര വൈകാന്‍ കാരണമെന്നാണ് റെയില്‍വെ അധികൃതര്‍ നല്‍കുന്ന വിശദീകരണം. മൂടല്‍മഞ്ഞുകാരണവും വേഗത കുറയ്‌ക്കേണ്ടി വരാറുണ്ടെന്ന് റെയില്‍വെ പറയുന്നു

ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന വിശേഷണത്തോടെ 2016 ഏപ്രില്‍ 5 മുതല്‍ ഡല്‍ഹിയില്‍ നിന്നും ആഗ്രയിലേക്ക് ഓടിത്തുടങ്ങിയ തീവണ്ടിയാണ് ഗതിമാന്‍ എക്‌സ്പ്രസ്.

മണിക്കൂറില്‍ 160 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിന്‍ കൂടിയാണ്.

ഡല്‍ഹി മുതല്‍ ആഗ്ര വരെയുള്ള 200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഈ തീവണ്ടിക്ക് ഏകദേശം 100 മിനിറ്റ് സമയം മതിയാകും. രാജ്യത്ത് ഇതുവരെ ഏറ്റവും കൂടിയ വേഗതയില്‍ ഓടിയിരുന്ന ഭോപ്പാല്‍ ശതാബ്ദി എക്‌സ്പ്രസിന് ഇത്രയും ദൂരം പിന്നിടാന്‍ 120 മിനിറ്റ് സമയം ആവശ്യമായിരുന്നു.

Top