സ്പാനിഷ് ലീഗ്: ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഇന്ന് പോരാട്ടത്തിനിറങ്ങും

മാഡ്രിഡ്: ബാഴ്‌സലോണയും റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും നാലാം റൗണ്ട് പോരാട്ടത്തിനിറങ്ങും. ലാലീഗയിലെ ആദ്യ മൂന്ന് കളിയും ജയിച്ച് ഒപ്പത്തിനൊപ്പമാണ് നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയും മുന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും കളത്തിലിറങ്ങുന്നത്. ബാഴ്‌സലോണ വൈകിട്ട് ഏഴേ മുക്കാലിന് റയല്‍ സോസിഡാഡിനെ നേരിടും. അവസാനം ഏറ്റുമുട്ടിയപ്പോള്‍ ബാഴ്‌സ രണ്ടിനെതിരെ നാല് ഗോളിന് റയല്‍ സോസിഡാഡിനെ തോല്‍പിച്ചിരുന്നു.

പരുക്കേറ്റ ഡെനിസ് സുവാരസ്, മാര്‍ക്കം എന്നിവര്‍ ബാഴ്‌സ നിരയിലുണ്ടാവില്ല. ലയണല്‍ മെസ്സി, ലൂയിസ് സുവാരസ് എന്നിവര്‍ക്കൊപ്പം കുട്ടീഞ്ഞോ, ഉസ്മാന്‍ ഡെംബലെയോ, കളത്തില്‍ ഇറങ്ങും. ആദ്യ മൂന്ന് കളിയില്‍ ബാഴ്‌സ 12 ഗോള്‍ നേടിക്കഴിഞ്ഞു. റയല്‍ മാഡ്രിഡിന് അത്‌ലറ്റിക്കോ ബില്‍ബാവോയാണ് എതിരാളി. മത്സരം രാത്രി പന്ത്രണ്ടേകാലിനാണ് നടക്കുന്നത്. ഗാരെത് ബെയ്‌ലും കരീം ബെന്‍സേമയും ഫോമിലേക്കുയര്‍ന്നത് റയലിന് കരുത്താവും.

മൂന്ന് കളിയില്‍ പത്ത് ഗോളാണ് റയലിന്റെ സമ്പാദ്യം. വൈകിട്ട് നാലരയ്ക്ക് തുടങ്ങുന്ന മറ്റൊരു കളിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഐബറിനെ നേരിടും. നാല് പോയിന്റ് മാത്രമുള്ള ഡീഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ ലീഗില്‍ പത്താം സ്ഥാനത്താണ് ഇപ്പോള്‍.

Top