The south India’s IS recruitment’s led by the 21 -year-old boy

ചെന്നൈ: ദക്ഷിണേന്ത്യയില്‍ ഐ.എസ് റിക്രൂട്ട്‌മെന്റിനു ചുക്കാന്‍ പിടിക്കുന്നത് തെലങ്കാനയില്‍ നിന്നുള്ള 21കാരനെന്ന്‌ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 150ഓളം പേര്‍ ഐ.എസിനെ പിന്തുണയ്ക്കുന്നവരാണെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തി.

തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതല്‍ പേര്‍. കേരളത്തില്‍ പത്ത് പേര്‍ നിരീക്ഷണത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. തെലങ്കാനയില്‍ നിന്ന് 18 പേര്‍ ഈ പട്ടികയിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഐ.എസിന്റെ 150 ഫേസ്ബുക്ക് പേജുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

തെലങ്കാനയില്‍ നിന്നുള്ള യുവാവിന് കഴിഞ്ഞമാസം പശ്ചിമേഷ്യയില്‍ നിന്ന് 50,000 രൂപ എത്തിയിരുന്നു. യാത്രാരേഖകള്‍ ശരിയാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. യുവാവ് നഴ്‌സ് ആയി ജോലി ചെയ്യുന്ന സഹോദരിയോട് സിറിയയില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇവരുടെ മാതാപിതാക്കള്‍ക്ക് ഇതേക്കുറിച്ച് അറിവില്ലെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.

ദക്ഷിണേന്ത്യയില്‍ 150 ഐ.എസ് അനുകൂലികളുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ കര്‍ണാടകയിലെ ഭട്കല്‍ സ്വദേശി മുപ്പത്തിമൂന്നുകാരനെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഐ.എസിനു വേണ്ടി ഓണ്‍ലൈനില്‍ പ്രചാരണം നടത്തുന്നതിന് ഇന്ത്യന്‍ ഏജന്‍സികള്‍ ഒരു വര്‍ഷമായി തെരഞ്ഞുകൊണ്ടിരുന്ന അഡ്‌നന്‍ ഹസന്‍ ദമുദിയാണ് ദുബായില്‍ പിടിയിലായത്. മുന്‍ സിമി പ്രവര്‍ത്തകനായ ഇയാളെ വിട്ടുകിട്ടുമെന്ന പ്രതിക്ഷയിലാണ് ഇന്ത്യന്‍ ഏജന്‍സികള്‍. ചെന്നൈയില്‍ നിന്നുള്ള രണ്ട് യുവാക്കളെ ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധത്തിന്റെ പേരില്‍ തുര്‍ക്കി തിരിച്ചയച്ചിട്ടുമുണ്ട്.

യുവാക്കളെ ഐ.എസിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഇയാളെന്നു കരുതുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സിറിയയില്‍ കൊല്ലപ്പെട്ട ഭട്കല്‍ സ്വദേശി സുല്‍ത്താന്‍ അര്‍മറിന്റെ അടുത്ത അനുയായിയാണ് ദമുദി.

ഗള്‍ഫിലുള്ള കര്‍ണാടക സ്വദേശിയാണ് തങ്ങളെ ഐ.എസിലേക്ക് ആകര്‍ഷിച്ചതെന്നും ഭീകര സംഘടനയുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ഹൈദരാബാദില്‍ നിന്ന് സിറിയയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നാല് യുവാക്കള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇവരെ വഴിതെറ്റിച്ചതും ദമുദിയാണെന്ന് കരുതുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരായ ഭട്കല്‍ സഹോദരന്മാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും സംശയമുണ്ട്.

ചെന്നൈയിലെ റോയപ്പേട്ടില്‍ നിന്നുള്ള ഇരുപത്തിമൂന്നുകാരനെയും കരൂരില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരനെയുമാണ് തുര്‍ക്കിയില്‍ നിന്ന് തിരിച്ചയച്ചത്. ബംഗളൂരു വിമാനത്താവളത്തിലെത്തിയ ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. തുടക്കത്തില്‍ പൊലീസിനോട് സഹകരിക്കാന്‍ മടിച്ച ഇവര്‍ കുടുംബാംഗങ്ങളെത്തിയതോടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് പൊട്ടിക്കരയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവര്‍ക്കുമെതിരേ കേസെടുത്തിട്ടില്ല. എന്നാല്‍, ഇവര്‍ നിരീക്ഷണത്തിലാണ്.

അതേസമയം ഒരു മലയാള പത്രത്തിന്റെ ജീവനക്കാരനായിരുന്ന പാലക്കാട് സ്വദേശി അബു താഹിര്‍, കോഴിക്കോട് സ്വദേശി റിയാബുള്‍ റഹ്മാന്‍ എന്നിവര്‍ ഐ.എസിനുവേണ്ടി യുദ്ധം ചെയ്യാന്‍ സിറിയയിലേക്ക് പോയതായി സംസ്ഥാന ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ഐ.എസ് ബന്ധത്തിന്റെ പേരില്‍ 11 മലയാളികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജയിലിലുണ്ടെന്നാണ് വിവരം.

Top