അച്ഛനെ തല്ലിയത് ചോദിക്കാൻ ചെന്ന മകന് മാരകമായ കുത്തേറ്റു

ഇടുക്കി: മൂന്നാറിലെ പെരിയാവാരയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതികൾ നേരത്തെ ഇയാളുടെ അച്ഛനെ തല്ലിയിരുന്നതായി വിവരം. അച്ഛനെ തല്ലിയത് ചോദിക്കാൻ ചെന്നപ്പോഴാണ് മകനെ മാരകമായി പ്രതികൾ കുത്തിപ്പരിക്കേൽപ്പിച്ചത്. മൂന്നാർ പെരിയവാര സ്റ്റാൻഡിൽ വർക്‌ഷോപ്പ് നടത്തുന്ന രാമർ അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുകയാണ്. ഇയാലെ മൂന്നാറിലെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഓട്ടോറിക്ഷാ ഡ്രൈവർമാരായ മദൻകുമാർ , കാർത്തിക് , മുനിയാണ്ടി രാജ് എന്നിവരാണ് കേസിലെ പ്രതികൾ. മൂന്ന് പേരും ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവങ്ങളുടെ തുടക്കം. ഇന്നലെ രാമറിന്റെ പിതാവ് അയ്യാദുരൈ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം തുടങ്ങിയത്. പ്രതികളുടെ ഓട്ടോറിക്ഷയ്ക്ക് മുന്നിലാണ് അയ്യാദുരൈ വാഹനം പാർക്ക് ചെയ്തത്. ഇതേ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് അയ്യാദുരൈക്ക് മർദ്ദനമേറ്റു.

വിവരമറിഞ്ഞ രാമർ ഇന്ന് വൈകീട്ട് ഓട്ടോ സ്റ്റാന്റിലെത്തി. അച്ഛനെ തല്ലിയതുമായി ബന്ധപ്പെട്ട് രാമറും പ്രതികളുമായി തർക്കം ഉണ്ടായി. പ്രതികൾ രാമറിനെയും മർദ്ദിച്ചു. മർദ്ദനത്തിനിടെ കത്തിയെടുത്ത് രാമറിന്റെ കൈയ്യിലും വയറിലും മാരകമായി കുത്തി മുറിവേൽപ്പിക്കുകയുമായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ രാമറിനെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി അടിമാലിയിലേക്ക് മാറ്റി. സംഭവത്തിൽ മൂന്നാർ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. കേസിലെ പ്രതികളായ മദൻകുമാർ, കാർത്തിക്, മുനിയാണ്ടി രാജ് ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.

Top