ജോലിയില്‍ വീഴ്ചവരുത്തി ; ശിക്ഷിച്ച മേലുദ്യോഗസ്ഥനെ വെടിവെച്ചുകൊന്നശേഷം സൈനികന്‍ ജീവനൊടുക്കി

ചെന്നൈ : ജോലിയില്‍ വീഴ്ചവരുത്തിയതിന്റെപേരില്‍ ശിക്ഷിച്ച മേലുദ്യോഗസ്ഥനെ വെടിവെച്ചുകൊന്നശേഷം സൈനികന്‍ ജീവനൊടുക്കി. കരസേനയില്‍ ഹവില്‍ദാറായിരുന്ന ഉത്തരാഖണ്ഡ് സ്വദേശി പ്രവീണ്‍കുമാര്‍ ജോഷിയെ (39) ആണ് റൈഫിള്‍മാനായ പഞ്ചാബ് സ്വദേശി ജഗ്സീര്‍ സിങ് കൊന്നത്. പ്രവീണ്‍കുമാറിനെ വെടിവെച്ചശേഷം ജഗ്സീര്‍ സ്വയം വെടിവെക്കുകയായിരുന്നു.

ചെന്നൈ പല്ലാവരത്തുള്ള കരസേനാ ക്യാമ്പില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ക്യാമ്പില്‍ കാവലിന് നിയോഗിക്കപ്പെട്ട ജഗ്സീര്‍ സിങ്ങിനെ ജോലിക്കെത്താന്‍ താമസിച്ചതിന്റെയും ജാഗ്രതക്കുറവ് കാണിച്ചതിന്റെയുംപേരില്‍ പ്രവീണ്‍കുമാര്‍ ശകാരിച്ചിരുന്നു. ശിക്ഷയായി പിന്നിലേക്ക് കരണംമറിഞ്ഞുചാടാനും നിര്‍ദേശിച്ചു. പിന്നീട് മുറിയില്‍ ഉറങ്ങിക്കിടക്കവേ പ്രവീണ്‍കുമാറിനുനേരെ ജഗ്സീര്‍ വെടിയുതിര്‍ത്തു. നെഞ്ചില്‍ വെടിയേറ്റ പ്രവീണ്‍കുമാര്‍ തത്ക്ഷണം മരിച്ചു.

കൃത്യത്തിനുശേഷം ജഗ്സീര്‍ രക്ഷപ്പെടാന്‍ശ്രമിച്ചെങ്കിലും മറ്റുസൈനികര്‍ സ്ഥലത്തെത്തിയതോടെ ജീവനൊടുക്കുകയായിരുന്നു. പല്ലാവരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top