എസ്എൻസി ലാവ്‌ലിൻ കേസ് ഏപ്രിൽ 22 ന് പരിഗണിക്കും

ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഏപ്രിൽ 22ന് പരിഗണിക്കും. ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജിയും കെ.എം ജോസഫും അംഗങ്ങളായിരിക്കും. ഊർജ്ജ വകുപ്പിലെ  മുൻ ജോയിന്റ്‌ സെക്രട്ടറി എ ഫ്രാൻസിസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് ഏപ്രിൽ ആറിൽ നിന്ന് കേസ് മാറ്റിയത്. പ്രധാനപ്പെട്ട ചില രേഖകൾ നൽകാനുണ്ടെന്നും കേസ് മാറ്റിവെക്കണമെന്നുമായിരുന്നു  ഫ്രാൻസിസിന്റെ ആവശ്യം.

പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റ വിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന വാദവുമായി കസ്തൂരിരങ്ക അയ്യർ ഉൾപ്പടെയുള്ള മുൻ ഉദ്യോഗസ്ഥരും നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനക്ക് എത്തിയത്.

ഇനി കേസ് മാറ്റിവെയ്ക്കാൻ അഭിഭാഷകര്‍ ആവശ്യപ്പെടരുതെന്ന് സുപ്രീം കോടതി അന്ന് തന്നെ പറഞ്ഞിരുന്നു.

Top