പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ പാമ്പിന് താക്കറെയുടെ പേര് നല്‍കി ഉദ്ദവ് താക്കറെയുടെ മകന്‍

മുംബൈ: പശ്ചിമഘട്ടത്തില്‍ നിന്നും കണ്ടെത്തിയ പാമ്പിന് താക്കറേസ് ക്യാറ്റ് സ്നേക്ക് (Thackeray’s Cat Snake) എന്ന് നാമകരണം ചെയ്ത് ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെ മകന്‍ അടങ്ങിയ സംഘം. പുതിയയിനം പാമ്പിനെ കണ്ടെത്താന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പാമ്പിന് തേജസ് താക്കറെയുടെ പേര് നല്‍കിയത്.

ബോയ്ഗ ഗണത്തില്‍ പെടുന്ന ക്യാറ്റ് സ്നേക്കിലെ പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന പാമ്പിനെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ ബയോഡൈവേര്‍സിറ്റി കണ്‍സര്‍വേഷന്‍ ഡയറക്ടര്‍ വരദ് ഗിരി വ്യക്തമാക്കി.

125 കൊല്ലത്തിന് ശേഷമാണ് ഈ വര്‍ഗത്തില്‍ പെട്ട പുതിയ ഒരിനം പാമ്പിനെ പശ്ചിമഘട്ടമേഖലയില്‍ നിന്ന് കണ്ടെത്തുന്നത്. സാധാരണയായി നിബിഢ വനത്തില്‍ കണ്ടുവരുന്ന ഈ പാമ്പുകള്‍ വിഷമില്ലാത്തവയാണ്. പൂര്‍ണവളര്‍ച്ചയെത്തിയ പാമ്പുകള്‍ക്ക് മൂന്നടിയോളം നീളമുണ്ടാകാറുണ്ട്. തവളകളുടെ മുട്ടയാണ് ഇവയുടെ പ്രധാനഭക്ഷണം. സാതാര ജില്ലയിലെ കോയ്ന മേഖലയില്‍ നിന്നാണ് ഇതിനെ കണ്ടെത്തിയത്.

മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മേഖലയിലെ ജൈവവൈവിധ്യത്തെ കുറിച്ച് ഗവേഷണം നടത്തുന്ന സംഘത്തിലെ അംഗമായ തേജസ് താക്കറെ 2015 ലാണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പാമ്പിനത്തെ കുറിച്ച് വിശദമായ പഠനം നടത്തി ഫൗണ്ടേഷന്‍ ഫോര്‍ ബയോ ഡൈവേഴ്സിറ്റി കണ്‍സര്‍വേഷന് റിപ്പോര്‍ട്ട് കൈമാറുകയായിരന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫൗണ്ടേഷന്‍ കൂടുതല്‍ പഠനം നടത്തുകയും പാമ്പിന്റെ ജീവിത രീതിയും പെരുമാറ്റരീതിയും വ്യക്തമായി തിരിച്ചറിയുകയും ചെയ്തു.

തേജസിന്റെ ജ്യേഷ്ഠനും ശിവസേനയുടെ യൂത്ത് വിങ്-യുവസേനയുടെ നേതാവുമായ ആദിത്യ താക്കറെയാണ് പാമ്പിന്റെ ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. അനുജന്‍ തേജസാണ് ഈ പാമ്പിനെ കണ്ടെത്തിയതെന്നും അതിനാലാണ് ഈ പേര് നല്‍കിയതെന്നും ആദിത്യ ട്വിറ്ററില്‍ കുറിച്ചു.

Top