സൈറയ്‌ക്കെതിരായ വിമര്‍ശനം; ഈ ചിത്രത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുത ഇതാണ്…

ദംഗല്‍ ഫൈയിം സൈറ വസീം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ദ സ്‌കൈ ഈസ് പിങ്ക്’. മോട്ടിവേഷണല്‍ സ്പീക്കര്‍ ആയിഷ ചൗധരിയായിട്ടാണ് സൈറ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തതോടെ സൈറക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്.

ഈ വര്‍ഷം ജൂണില്‍ സൈറ നടത്തിയ പ്രഖ്യാപനത്തെ ഉയര്‍ത്തിക്കാട്ടിയാണ് പ്രധാന വിമര്‍ശനം. സിനിമ മതത്തില്‍ നിന്ന് അകറ്റിയെന്നും അതിനാല്‍ അഭിനയം ഉപേക്ഷിക്കുകയാണെന്നും സൈറ പ്രഖ്യാപിച്ചിരുന്നു. പറഞ്ഞതെല്ലാം മറന്നോയെന്നും അന്ന് നടത്തിയ പ്രഖ്യാപനം വെറും പ്രഹസനമായിരുന്നുവെന്നുമാണ് സൈറയ്‌ക്കെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം .

എന്നാല്‍ യഥാര്‍ത്ഥ വസ്തുത ഇതൊന്നുമല്ല. സൈറ അഭിനയം നിര്‍ത്തുന്നു എന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് ചിത്രീകരിച്ച സിനിമയാണ് ഇത്. ചിത്രത്തിന്റേതായി ഇപ്പോള്‍ പുറത്ത് വന്ന ബീച്ച് ഫോട്ടോയും ജൂണിന് മുന്‍പ് എടുത്തതാണ്. റിലീസ് ചെയ്യുന്നത് ഇപ്പോഴാണെന്ന് മാത്രം. ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങുകളിലും സൈറ പങ്കെടുക്കുന്നില്ല.


മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയങ്ക ചോപ്ര ബോളിവുഡില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷൊനാലി ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫര്‍ഹാന്‍ അക്തര്‍, രാജ്ശ്രീ ദേശ്പാണ്ഡെ, രോഹിത് സരഫ് എന്നിവരും അഭിനയിക്കുന്നു. ചിത്രത്തില്‍ ഐഷ ചൗധരിയുടെ അമ്മ വേഷമാണ് പ്രിയങ്കയ്ക്ക്. ചിത്രം ഒക്ടോബര്‍ 11 ന് തിയെറ്ററുകളിലെത്തും.

Top