തെരുവിൽ കുട്ടികൾ തെറിവിളിക്കുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെയും ഗവർണറുടെയും സ്ഥിതി: കെ. സുധാകരൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തെരുവിൽ കുട്ടികൾ തെറിവിളിക്കുന്നത് പോലെ പരസ്പരം അധിക്ഷേപിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിയും ഗവർണറും പരസ്യപ്രതികരണം നടത്തിയ പശ്ചാത്തലത്തിലാണ് സുധാകരന്റെ ഇടപെടൽ. വിഷയത്തിൽ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇരു കൂട്ടരുടെയും വാക്‌പോരെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഗവർണറെ പോലെയുള്ള ഉന്നതസ്ഥാനീയനെ ആക്ഷേപിക്കുന്നത് അപമാനകരമാണെന്നും എന്നാൽ അദ്ദേഹം ഇടതുപക്ഷത്തിന് മുമ്പ് വഴങ്ങി കൊടുത്തിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. തനിക്ക് ഭീഷണി ഉണ്ടെന്ന ഗവർണർ പറയുന്നത് ഗൗരവമായി കാണണമെന്നും ആവശ്യപ്പെട്ടു.

ഇപ്പോഴുള്ള ഗവർണർ- മുഖ്യമന്ത്രി പോര് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമാണെന്നും സാമാന്യ മര്യാദ ലംഘിച്ചാണ് കാര്യങ്ങൾ നടക്കുന്നതെന്നും വിഷയം നോക്കി നിൽക്കാതെ കേന്ദ്രസർക്കാർ ഇടപെടണമെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. യൂണിവേഴ്സിറ്റിയിൽ നടന്നതിൽ പിൻവാതിൽ നിയമനങ്ങളുണ്ടെന്നും ഗവർണർ പറഞ്ഞത് ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഗവർണറെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ കേന്ദ്രം ഇടപെടണമെന്നും സുധാകരൻ പറഞ്ഞു.

Top