പശ്ചിമബംഗാളിലെ സ്ഥിതി അതീ ഗുരുതരം- ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍

കൊല്‍ക്കത്ത : തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ കൂച്ച് ബീഹാറില്‍ സന്ദര്‍ശനം നടത്തി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. പശ്ചിമബംഗാളിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗവര്‍ണറുടെ സന്ദര്‍ശനത്തിനിടെ ഗവര്‍ണര്‍ക്കെതിരേയും തൃണമൂല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയിലൂടെയാണ് അദ്ദേഹം കൂച്ച് ബീഹാറിലെത്തിയത്.

കൂച്ച് ബീഹാറില്‍ ആക്രമണം നടന്ന പ്രദേശം ഗവര്‍ണര്‍ സന്ദര്‍ശിക്കുന്നതില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അനുമതി ലഭിക്കാതെ ചട്ടങ്ങള്‍ ലംഘിച്ചാണ് ഗവര്‍ണര്‍ കൂച്ച് ബീഹാര്‍ സന്ദര്‍ശനം നടത്തിയതെന്ന് മമത ആരോപിച്ചു. എന്നാല്‍ സംസ്ഥാനത്ത് സംഘര്‍ഷം അഴിച്ച് വിടുന്നതിലൂടെ ഭരണഘടനാ ലംഘനമാണ് മമത നടത്തുന്നതെന്ന് ജഗ്ദീപ് ധര്‍ക്കര്‍ പറഞ്ഞു. സംസ്ഥാനത്തെ സുരക്ഷയും ക്രമസമാധാന നിലയും തകരാറിലാണെന്ന് ധന്‍കര്‍ പറഞ്ഞു.

ഇത്രയധികം സംഘര്‍ഷാവസ്ഥ ഉണ്ടാകുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചതിന് പിന്നാലെ ആരംഭിച്ച അക്രമങ്ങള്‍ ബംഗാളില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള തൃണമൂലിന്റെ നരനായാട്ടാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നാരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതുവരെ സംസ്ഥാനത്ത് 15 ഓളം ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണമോ അറസ്‌റ്റോ നടന്നിട്ടില്ല.

Top