കോണ്‍ഗ്രസ്സില്‍ സ്ഥിതി ഗുരുതരം, ചെന്നിത്തലയെ ‘വീഴ്ത്താനും’ പദ്ധതി ?

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന ചെന്നിത്തലക്ക് എം.എല്‍.എ ആകണമെങ്കില്‍ പോലും ഇനി നേരിടേണ്ടി വരിക കടുത്ത അഗ്‌നിപരീക്ഷണമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം ചെന്നിത്തലയുടെ ഹരിപ്പാട് ഉള്‍പ്പെടെ ആലപ്പുഴ ജില്ലയിലെ ഒരു മണ്ഡലത്തില്‍ പോലും കോണ്‍ഗ്രസ്സ് മുന്നിലെത്തിയിട്ടില്ല. ചെന്നിത്തലയുടെ സ്വന്തം വാര്‍ഡില്‍ പോലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയുണ്ടായി. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന് ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ച മണ്ഡലവും ഹരിപ്പാടാണ്. ഈ സാഹചര്യത്തില്‍ ചെന്നിത്തല ഹരിപ്പാട് തന്നെ മത്സരിക്കുന്നത് വലിയ റിസ്‌ക്ക് ആണെന്നാണ് കോണ്‍ഗ്രസ്സിലെ ‘ഐ’ വിഭാഗം കരുതുന്നത്.

ചെന്നിത്തല മണ്ഡലം മാറുമെന്ന അഭ്യൂഹം ശക്തമാണെങ്കിലും അദ്ദേഹം അത് നിക്ഷേധിച്ചിച്ചുണ്ട്. സിറ്റിംഗ് എം.എല്‍.എമാര്‍ മണ്ഡലം മാറേണ്ടതില്ലന്ന പാര്‍ട്ടിയിലെ അഭിപ്രായവും ചെന്നിത്തലയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. പേടിച്ച് മണ്ഡലം മാറിയെന്ന ഇമേജ് സൃഷ്ടിക്കാന്‍ പ്രതിപക്ഷ നേതാവ് തല്‍ക്കാലം ആഗ്രഹിക്കുന്നില്ലന്ന് വ്യക്തം. ചെന്നിത്തലയെ സംബന്ധിച്ച് സുരക്ഷിത മണ്ഡലമായാണ് ഇതുവരെ ഹരിപ്പാടിനെ കണ്ടിരുന്നത്. ഈ മണ്ഡലത്തില്‍ ബി.ജെ.പിക്കും നിര്‍ണ്ണായക സ്വാധീനമുണ്ട്. എന്‍.എസ്.എസിന്റെ നിലപാടും പ്രസക്തമാണ്. സംഘ പരിവാര്‍ പിന്തുണകൊണ്ടാണ് ചെന്നിത്തല ഇവിടെ നിന്നും വിജയിക്കുന്നതെന്നാണ് സി.പി.എമ്മും ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 18,621 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചെന്നിത്തല വിജയിച്ചിരുന്നത്. ബി.ജെ.പി മുന്നണി സ്ഥാനാര്‍ഥി ഡി. അശ്വിനിദേവിനാകട്ടെ 13,000ന് താഴെ വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ജില്ലയില്‍ ഏറ്റവും കുറച്ച് വോട്ടുകള്‍ നേടിയ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും അശ്വനിദേവാണ്. സംഘപരിവാര്‍ വോട്ടുകള്‍ ചെന്നിത്തലക്ക് മറച്ചത് കൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഇത്തവണ ബി.ജെ.പി സ്വന്തം വോട്ട് പിടിച്ചാല്‍ ചെന്നിത്തലയ്ക്ക് അത് വലിയ തിരിച്ചടിയായാണ് മാറുക. ഇനി പരിവാര്‍ പിന്തുണയുണ്ടായാലും കോണ്‍ഗ്രസ്സിലെ ‘എ’ വിഭാഗം ‘പാലം’ വലിച്ചാലും ചെന്നിത്തലയുടെ നില പരുങ്ങലിലാകും. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ ഹരിപ്പാട് നേടിയത് 5,844 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്. ഭൂരിപക്ഷം കുത്തനെ കുറഞ്ഞതില്‍ ചെന്നിത്തലയ്ക്ക് എതിരെ വലിയ വിമര്‍ശനമാണ് അന്ന് ഉയര്‍ന്നിരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തോടെ എതിര്‍പ്പ് കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. ചെന്നിത്തലയുടെ പരിവാര്‍ ‘ബന്ധമാണ്’ മുസ്ലീംലീഗിന്റെയും അതൃപ്തിക്ക് പ്രധാന കാരണം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ചെന്നിത്തലയെ ഉയര്‍ത്തി കാട്ടരുതെന്ന നിലപാടിലേക്ക് എത്താന്‍ ലീഗിനെ പ്രേരിപ്പിച്ചതും ഇതു തന്നെയാണ്. യു.ഡി.എഫിന് ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന ചെന്നിത്തലയെ ‘എ’ വിഭാഗവും കൈവിടുമെന്ന് തന്നെയാണ് രാഷ്ട്രിയ നിരീക്ഷകരും കരുതുന്നത്. സോളാര്‍ കേസ് വഷളാക്കിയതും ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കിയതും ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തലയാണെന്നാണ് ‘എ’ വിഭാഗം ഉറച്ച് വിശ്വസിക്കുന്നത്. എ വിഭാഗം നേതാവായിരുന്ന ബെന്നി ബെഹന്നാനെ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയത് തന്നെ ചെന്നിത്തലയുമായുള്ള കൂട്ട് കെട്ടിനോടുള്ള പ്രതികാരമായിരുന്നു.

‘ചതിക്ക് തിരിച്ച് ചതി’ എന്ന വികാരമാണ് ഉമ്മന്‍ചാണ്ടിയുടെ അനുയായികള്‍ക്കുള്ളത്. അതിനുള്ള സുവര്‍ണ്ണാവസരമായി അവര്‍ നോക്കി കാണുന്നത് നിയമസഭ തിരഞ്ഞെടുപ്പിനെയാണ്. ഒരു എം.എല്‍.എ പോലും ആക്കാതെ ചെന്നിത്തലയെ ഒറ്റപ്പെടുത്താനാണ് നീക്കം. കെ. മുരളീധരനെ മുന്‍ നിര്‍ത്തി ഐ ഗ്രൂപ്പിനെ പിളര്‍ത്താനും ‘എ’ ഗ്രൂപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. ചെന്നിത്തലയുടെ കൂടെ നിന്നിട്ട് കാര്യമില്ലന്ന സന്ദേശം ഐ വിഭാഗം നേതാക്കള്‍ക്ക് നല്‍കാനാണ് ശ്രമം. ബാര്‍ കോഴക്കേസില്‍ ചെന്നിത്തലക്ക് എതിരെ ആരോപണമുന്നയിച്ച ബിജു രമേശ് ഐ ഗ്രൂപ്പ് നേതാവായ അടൂര്‍ പ്രകാശ് എം.പിയുടെ അടുത്ത ബന്ധുവാണ്. അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഐ വിഭാഗം നേതാക്കള്‍ക്കും ഇപ്പോള്‍ പ്രിയം ഉമ്മന്‍ചാണ്ടിയോടാണ്.

ചെന്നിത്തലയോടൊപ്പം അടിയുറച്ച് നില്‍ക്കുന്ന ഐ വിഭാഗം നേതാക്കളില്‍ പ്രമുഖന്‍ ജോസഫ് വാഴക്കനും വി.എസ് ശിവകുമാറുമാണ്.’എ’ വിഭാഗത്തെ പിണക്കിയാല്‍ ഇവരുടെ കാര്യവും പരുങ്ങലിലാകും. കോണ്‍ഗ്രസ്സില്‍ അണികള്‍ക്കിടയില്‍ അന്നും ഇന്നും ഏറ്റവും അധികം സ്വാധീനമുള്ളത് ‘എ’ വിഭാഗത്തിനാണ്. നേതാക്കള്‍ ഭിന്നിച്ചതോടെ ഉള്ള സ്വാധീനവും ഐ വിഭാഗത്തിന് നഷ്ടമായ സാഹചര്യമാണ് നിലവിലുള്ളത്. ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയും ‘ഐ’ വിഭാഗത്തിനിപ്പോള്‍ നഷ്ടമായി കഴിഞ്ഞു. ജോസ്.കെ മാണി വിഭാഗത്തെ പുറത്താക്കുന്നതിന് കൂട് നിന്നത് അബദ്ധമായെന്ന് ഇപ്പോഴാണ് ചെന്നിത്തലയും തിരിച്ചറിയുന്നത്. മുസ്ലീം ലീഗും ആര്‍.എസ്.പിയും മാത്രമല്ല ജോസഫ് വിഭാഗം പോലും ഉമ്മന്‍ചാണ്ടി നേതൃസ്ഥാനത്ത് വരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ചെന്നിത്തലയെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു.

ഹൈക്കമാന്റ് നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടിയെ നായകനാക്കാനാണ് ഹൈക്കമാന്റും തീരുമാനിച്ചിരിക്കുന്നത്. ആരോപണങ്ങളല്ല ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെന്നുള്ള പ്രവര്‍ത്തനമാണ് നടത്തേണ്ടതെന്ന ഉപദേശമാണ് രാഹുല്‍ ഗാന്ധിയും സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. തന്ത്രപരമായ സമീപനമാണ് തദ്ദേശ തോല്‍വിയിലും ഉമ്മന്‍ചാണ്ടി സ്വീകരിച്ചിരിക്കുന്നത്. കെ.പി.സി.സി അദ്ധ്യക്ഷന്‍ രാജി വയ്‌ക്കേണ്ടന്ന് ആദ്യം പ്രതികരിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. ഇതോടെ പൂര്‍ണ്ണമായും ഉമ്മന്‍ ചാണ്ടി പക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാണിപ്പോള്‍ മുല്ലപ്പള്ളി.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കെ.പി.സി.സി അദ്ധ്യക്ഷന്റെ നിലപാട് ‘ഐ’ ഗ്രൂപ്പിനാണ് ഇനി പാരയാകാന്‍ പോകുന്നത്. മുല്ലപ്പള്ളിയെ മത്സരിപ്പിക്കാനും ‘എ’ ഗ്രൂപ്പ് ആഗ്രഹിക്കുന്നുണ്ട്. ഈഴവ പ്രാതിനിത്യം ഉയര്‍ത്തിക്കാട്ടാനാണിത്. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുള്ള എം.എം ഹസ്സന്റെ ഭാവിയും ഉമ്മന്‍ ചാണ്ടിയുടെ കൈകളിലാണ്. ഫലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പോടെ യു.ഡി.എഫില്‍ ഉമ്മന്‍ ചാണ്ടി കൂടുതല്‍ കരുത്താര്‍ജ്ജിച്ച സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ പിണറായി – ഉമ്മന്‍ ചാണ്ടി പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഭരണം ലഭിച്ചാലും ഇല്ലെങ്കിലും ഐ ഗ്രൂപ്പിനെ തരിപ്പണമാക്കുക എന്നത് തന്നെയാണ് എ ഗ്രൂപ്പിന്റെ പ്രധാന അജണ്ട. അക്കാര്യത്തില്‍ ഒരു സംശയവുമില്ല.

Top