“ഉത്തരേന്ത്യയിലെ സാഹചര്യം ഇവിടെ ഇല്ല: വ്യാജ പ്രചാരണത്തിന് കർശന നടപടി”

തിരുവനന്തപുരം : കോവിഡുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധികാരിക വിവരങ്ങളെ മാത്രമേ ആശ്രയിക്കാവൂ. ഉത്തരേന്ത്യയിലെ കോവിഡ് സാഹചര്യം കേരളത്തിലില്ല. ജാഗ്രതയോടെ പ്രവർത്തിച്ചാൽ നിലവിലെ സാഹചര്യം ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് രോഗികൾക്കായുള്ള കിടക്കകൾ യുദ്ധകാല അടിസ്ഥാനത്തിൽ വർധിപ്പിക്കണം. മൊത്തം കിടക്കകളുടെ 25 ശതമാനം കോവിഡ് ചികിത്സയ്ക്കായി മാറ്റണമെന്നു സ്വകാര്യ ആശുപത്രി പ്രതിനിധികളുമായുള്ള യോഗത്തിൽ നിർദേശിച്ചു.

കോവിഡ് ചികിത്സയ്ക്ക് പ്രാവീണ്യമുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ഡിഎംഒ ആവശ്യപ്പെട്ടാൽ നൽകണം. വെന്റിലേറ്ററും ഐസിയുവും പൂർണ പ്രവർത്തന ക്ഷമമായിരിക്കണം. ഇവയുടെ അറ്റകുറ്റപ്പണി ഉടനെ തീർക്കണം. ഐസിയു കിടക്കകൾ ഗുരുതര രോഗമുള്ളവർക്കു മാത്രമായി നീക്കിവയ്ക്കണം. കോവിഡ് ഇതര രോഗികൾക്കു സേവനം മുടക്കരുത്.

സർക്കാർ പ്രവർത്തനത്തിനു പൂർണ സഹകരണം സ്വകാര്യ ആശുപത്രികൾ വാദ്ഗാനം ചെയ്തെന്നും  മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ തന്നെ ഭൂരിപക്ഷം കിടക്കകളും കോവിഡ് രോഗികൾക്കായി മാറ്റിവച്ചവരുണ്ട്. കിടക്കകളുടെ എണ്ണം ദിവസവും ജില്ലാ ആരോഗ്യവകുപ്പ് മേധാവിക്കു കൈമാറണം. മുഖ്യമന്ത്രി വ്യക്തമാക്കി.

Top