വെടിക്കെട്ട് നിരോധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് അടിയന്തമായി സ്റ്റേ ചെയ്യണം; സർക്കാർ അപ്പീൽ നൽകി

കൊച്ചി: വെടിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള പ്രായോഗികമായ പിശകുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. ചൊവ്വാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കും. ക്ഷേത്രങ്ങളിലെ വെടിക്കെടുകൾക്ക് സുപ്രീംകോടതിയടക്കം നേരത്തെ ചില ഇളവുകൾ നൽകിയിട്ടുണ്ട്. തൃശൂർ പൂരത്തിലടക്കം പല ദേവസ്വങ്ങളും ആ ഇളവുകൾവെച്ച് വെടിക്കെട്ട് നടത്തുന്നുണ്ട്.

അതിനാൽ അസമയത്തെ വെടിക്കെട്ട് നിരോധനം അപ്രായോഗികമാണെന്നതാണ് സർക്കാർ നിലപാട്. വെടിക്കെട്ട് നിരോധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് അടിയന്തമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിൽ സർക്കാർ ആവശ്യപ്പെട്ടത്.

വെടിക്കെട്ട് നിരോധിച്ചതിനൊപ്പം ആരാധനാലയങ്ങളിൽ പരിശോധന നടത്താനുള്ള നിർദേശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ആരാധനാലയങ്ങളിൽ ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ച വെടിമരുന്നുകൾ പിടിച്ചെടുക്കണമെന്നായിരുന്നു നിർദേശം. അടുത്ത 24-ന് ഇതുസംബന്ധിച്ച് സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സർക്കാർ അടിയന്തരമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

Top