സിൽവർ ലൈൻ; സംവാദം അനിശ്ചിതത്വത്തിൽ, ക്ഷണിക്കേണ്ടത് സർക്കാർ: അലോക് വർമ്മ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സംവാദത്തിൽ പിൻമാറേണ്ടി വരുമെന്ന് റിട്ട. ചീഫ് ബ്രിഡ്ജ് എൻജിനീയർ അലോക് വർമ. സംവാദത്തിലേക്ക് ക്ഷണിച്ചുള്ള കത്താണ് അലോക് വർമയുടെ പ്രതിഷേധത്തിന് കാരണമായത്. ഇതോടെ സംവാദം അനിശ്ചിതത്വത്തിലായി.

സംവാദത്തിന് ക്ഷണിച്ചുകൊണ്ട് അലോക് വർമയടക്കമുള്ളവർക്ക് കത്തയച്ചത് കെ റെയിലാണ്. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. സംവാദം നടത്തേണ്ടത് സർക്കാരാണെന്നും ചീഫ് സെക്രട്ടറിയോ സർക്കാർ പ്രതിനിധിയോ ആണ് കത്തയക്കേണ്ടതെന്നും അലോക് വർമ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

തനിക്ക് വന്ന ക്ഷണക്കത്തിൽ പറഞ്ഞ വാചകങ്ങൾ ഏകപക്ഷീയമാണെന്ന് അ​ദ്ദേഹം പറയുന്നു. ഈ വലിയ പദ്ധതിയുടെ ​ഗുണവശങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ചർച്ച എന്നാണ് കത്തിൽ പറയുന്നത്. ഇത് ഏകപക്ഷീയ നിലപാടാണ്. മുൻകൂട്ടി തീരുമാനിച്ച ചർച്ചയിൽ നിന്ന് സർക്കാർ പിൻമാറി കെ റെയിലിനെ എൽപ്പിച്ചതോടെ ഒരു ചടങ്ങ് തീർക്കൽ മാത്രമായി സംവാദം ചുരുങ്ങി. അതിന്റെ​ ​ഗൗരവ സ്വഭാവം നഷ്ടമായി.

ഇക്കാര്യം വ്യക്തമാക്കിയുള്ള ക്ഷണക്കത്ത് തന്നെ മാറ്റണം. ഒന്നുകിൽ ചീഫ് സെക്രട്ടറി അല്ലെങ്കിൽ സർക്കാർ പ്രതിധിനികൾ ആരെങ്കിലും കത്തയക്കണം. ഇന്ന് ഉച്ചയ്ക്ക് മുൻപ് ഇക്കാര്യത്തിൽ വ്യക്തത വേണമെന്നും അല്ലാത്തപക്ഷം സംവാദത്തിൽ നിന്ന് പിൻമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. സംവാദത്തിൽ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിലും അലോക് വർമ അതൃപ്തി അറിയിച്ചു.

 

Top