ആരാധകരില്‍ നിന്ന് ഒഴിവാകാന്‍ സിഗ്‌നല്‍ തെറ്റിച്ചു; നടന്‍ വിജയ്ക്ക് പിഴ

ചെന്നൈ: വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ ഇളയ ദളപതിക്ക് പിഴ. ഗതാഗത നിയമ ലംഘനത്തിനാണ് പിഴ. വിജയ് രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്‌നല്‍ പാലിക്കാത്തതിനും ഗതാഗത നിയമം ലംഘിച്ചതിനുമാണ് പിഴ. 500 രൂപ പിഴയാണ് ഇളയ ദളപതിക്ക് ലഭിച്ചിരിക്കുന്നത്. പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതി വരെ വിജയെ ആരാധകര്‍ അനുഗമിച്ചിരുന്നു.

പനൈയൂരിലെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം ആഡംബര കാറിലാണ് വിജയ് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ആരാധകര്‍ പിന്നാലെ കൂടിയതോടെ വിജയും ഡ്രൈവറും ചുവന്ന സിഗ്‌നല്‍ രണ്ടിലധികം സ്ഥലങ്ങളില്‍ തെറ്റിച്ചിരുന്നു. സിഗ്‌നലുകളില്‍ വിജയുടെ കാര്‍ നിര്‍ത്താതെ പോകുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ഗതാഗത നിയമലംഘനത്തിന് പിഴയിട്ടത്.

വിജയ് രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹം ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 234 നിയോജക മണ്ഡലങ്ങളിലെയും ആരാധക കൂട്ടായ്മ ഭാരവാഹികള്‍ ഇന്നലെ രാവിലെ തന്നെ ചെന്നൈയില്‍ എത്തിയിരുന്നു. രണ്ടരക്ക് ശേഷമാണ് വിജയ് യോഗത്തിലേക്ക് എത്തിയത്. എന്തായാലും വിജയിയുടെ രാഷ്ട്രീയ പ്രവേശം അടുത്ത വര്‍ഷം ഉണ്ടാകുമെന്നും 2026 ലെ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയായി തന്നെ രംഗത്തുണ്ടാകുമെന്ന സൂചനകള്‍ ശക്തമാകുന്നതിനിടെയാണ് ഈ സംഭവം.

2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. വിജയുടെ ആരാധകകൂട്ടായ്മ ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

Top