വെറുപ്പിന്റെ ‘കട’ തുറന്നതു തന്നെ കോൺഗ്രസ്സ് സർക്കാറുകളുടെ കാലത്ത്, നേതാക്കൾ ചരിത്രം മറക്കരുത്

ർണ്ണാടകയിലെ കോൺഗ്രസ്സിന്റെ വിജയം ആധികാരികമായ വിജയം തന്നെയാണ് അക്കാര്യത്തിൽ ഒരു തർക്കവുമില്ല. എന്നാൽ ആ വിജയം ആഗോള സംഭവമാക്കി ആഘോഷിക്കുന്ന കോൺഗ്രസ്സ് നേതാക്കളുടെ എല്ലാ അവകാശവാദങ്ങളോടും ഒരിക്കലും യോജിക്കാൻ കഴിയുകയില്ല. കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയെ രക്ഷകനായി കണ്ട് കന്നട ജനത നൽകിയ വോട്ടുകളാണ് ഇതെന്ന കോൺഗ്രസ്സ് വാദവും അതിൽ ‘ഭാരത് ജോഡോ യാത്ര’ വലിയ പങ്കു വഹിച്ചതായ അവകാശവാദവും യുക്തിക്കു നിരക്കുന്നതല്ല. കർണ്ണാടക സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളിലും അഴിമതിയിലും സഹികെട്ട ഒരു ജനത ബി.ജെ.പിയെ തോൽപ്പിക്കാൻ ശേഷിയുള്ള പാർട്ടിയോടൊപ്പം നിന്നു എന്നതാണ് കർണ്ണാടകയിലെ യാഥാർത്ഥ്യം. ബി.ജെ.പിയുടെ വോട്ട് ബാങ്കായ ലിംഗായത്തുകൾ ഉൾപ്പെടെ കർണ്ണാടകയിലെ സകല ജാതി വിഭാഗത്തിന്റെയും നല്ലൊരു വിഭാഗം വോട്ടുകളും ഇത്തവണ കോൺഗ്രസ്സിനു കിട്ടിയതിനു പിന്നിൽ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിലെ അതൃപ്തിയും അതിന്റേതായ പങ്കു വഹിച്ചിട്ടുണ്ട്. ബി.ജെ.പി തഴഞ്ഞ മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ അടക്കമുള്ള നേതാക്കൾക്കും കാവിപ്പടയുടെ പരാജയത്തിൽ വലിയ ഉത്തരവാദിത്വമാണുള്ളത്.

ഹിജാബ് അടക്കമുള്ള വിഷയങ്ങളിൽ ശക്തമായ എതിർപ്പുള്ള മുസ്ലീം ന്യൂനപക്ഷം കൂടി ഒറ്റക്കെട്ടായി ഒപ്പം നിന്നത് കോൺഗ്രസ്സിനു കാര്യങ്ങൾ എളുപ്പമാക്കുകയാണ് ഉണ്ടായത്. പരമ്പരാഗതമായി ജെ.ഡി.എസിനു വോട്ടു ചെയ്തിരുന്ന മുസ്ലിം ജനവിഭാഗമടക്കം ഇത്തവണ മാറി ചിന്തിച്ച് കോൺഗ്രസ്സിനു വോട്ടു ചെയ്തത് എച്ച്.ഡി കുമാരസ്വാമിയുടെ അവസരവാദ നിലപാടിൽ പ്രതിഷേധിച്ചാണ്. അധികാരം ലഭിക്കാൻ ‘ഓന്തിനെ’ പോലെ നിറംമാറുന്ന ആ പാർട്ടിയുമായി രാജ്യത്തെ ഒരു പാർട്ടിയും ഇനി എന്തായാലും കൂട്ടുക്കൂടുമെന്ന് തോന്നുന്നില്ല. ഒറ്റക്കു മത്സരിച്ചാൽ സി.പി.എമ്മിനു ജയിക്കാമായിരുന്ന ബാഗേപ്പള്ളി മണ്ഡലത്തിൽ സി.പി.എമ്മിനു അപ്രതീക്ഷിത തിരിച്ചടി സംഭവിച്ചതു തന്നെ ജെ.ഡി.എസിന്റെ പിന്തുണ വാങ്ങിയതു കൊണ്ടാണ്. ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ വോട്ടുകളാണ് എക്കാലത്തും സി.പി.എമ്മിന്റെ കരുത്ത്. “തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വേണ്ടി വന്നാൽ ബി.ജെ.പിയെയും പിന്തുണയ്ക്കുമെന്നു പറഞ്ഞ” ജെ.ഡി.എസിനെ ഒപ്പം കൂട്ടിയപ്പോൾ ഉള്ള വോട്ട് ബാങ്ക് കൂടിയാണ് സി.പി.എമ്മിനു നഷ്ടമായിരിക്കുന്നത്. അതിന്റെ പരിണിതഫലമാണ് സി.പി.എം. സ്ഥാനാർത്ഥിയുടെ ദയനീയതോൽവി.

ഈ യാഥാർത്ഥ്യമൊക്കെ മറച്ചു വച്ച് സി.പി.എമ്മിനെ പരിഹസിച്ചും നാളെ കേന്ദ്രം മാത്രമല്ല കേരളവും പിടിക്കുമെന്നുമാണ് കോൺഗ്രസ്സ് നേതാക്കൾ വീമ്പിളക്കുന്നത്. അവരുടെ കണക്കുകൂട്ടൽ പ്രകാരം അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധി തന്നെയാണ്. അതിരു കവിഞ്ഞ ആത്മവിശ്വാസമാണിത്. കർണ്ണാടകയിൽ ഇപ്പോൾ കോൺഗ്രസ്സ് നേടിയ വിജയം ലോകസഭ തിരഞ്ഞെടുപ്പിൽ ആവർത്തിക്കണമെന്നില്ല. സീറ്റുകൾ കുത്തനെ കുറഞ്ഞെങ്കിലും ഇപ്പോഴും ഒരു ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമാണ് ബി.ജെ.പിയും കോൺഗ്രസ്സും തമ്മിൽ കർണ്ണാടകത്തിലുള്ളത്. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മുന്നേറിയപ്പോൾ തന്നെ, ലോകസഭ തിരഞ്ഞെടുപ്പിൽ കർണ്ണാടക തൂത്തുവാരിയ ചരിത്രവും ബി.ജെ.പിക്കുണ്ട്. ആ വസ്തുതയും നമുക്ക് കണ്ടില്ലന്നു നടിക്കാൻ കഴിയുകയില്ല. ബി.ജെ.പിയെ കർണ്ണാടകയിൽ തോൽപ്പിച്ചു എന്നതിൽ തീർച്ചയായും രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും അഭിമാനിക്കാം. എന്നാൽ ഇതേ മാതൃക കേരളത്തിലും മറ്റുപ്രതിപക്ഷ പാർട്ടികൾ ശക്തമായ സംസ്ഥാനങ്ങളിലും ആവർത്തിക്കുമെന്നു അഹങ്കരിച്ചാൽ അതൊരു തമാശയായി മാത്രമേ കാണാൻ കഴിയൂ.

ബി.ജെ.പി രാഷ്ട്രീയത്തെ കേരളത്തിൽ ശക്തമായി ചെറുത്തു നിൽക്കുന്നത് സി.പി.എമ്മാണ്. അതു കൊണ്ടു തന്നെ ബി.ജെ.പി വിരുദ്ധ വികാരത്തിന്റെ ഗുണം കൂടുതലായും ലഭിക്കാൻ പോകുന്നതും ഇടതുപക്ഷത്തിനായിരിക്കും. ആം ആദ്മി പാർട്ടി, സമാജ് വാദി പാർട്ടി, ആർ.ജെ.ഡി, തൃണമൂൽ കോൺഗ്രസ്സ്, ബി.ജെ.ഡി, വൈ എസ്.ആർ കോൺഗ്രസ്സ്, ടി.ആർ.എസ്, തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ശക്തമായ സംസ്ഥാനങ്ങളിലും ഇവർക്കു പിന്നിൽ മാത്രമേ കോൺഗ്രസ്സിനു എത്താൻ സാധിക്കുകയൊള്ളൂ. ബീഹാറിൽ ആർ.ജെ.ഡിയുടെയും തമിഴ്നാട്ടിൽ ഡി.എം.കെയുടെയും മഹാരാഷ്ട്രയിൽ ശിവസേന – എൻ. സി.പി പാർട്ടികളുടെയും സഖ്യമില്ലങ്കിൽ കോൺഗ്രസ്സിന്റെ പൊടി പോലും കാണുകയില്ല. രാജ്യത്തെ 80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പിയിൽ, ബി.ജെ.പി.യുടെ പ്രധാന എതിരാളി സമാജ് വാദി പാർട്ടിയാണ്. ഇവിടെ കോൺഗ്രസ്സ് ഒരു തരിപോലും ഇല്ലന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്. ഒരു കർണ്ണാടകയിൽ വിജയിച്ചതു കൊണ്ടു മാത്രം ആരും ഒന്നുമാകുന്നില്ല. ബി.ജെ.പി ഭരിക്കുന്ന മറ്റു ഏത് സംസ്ഥാനഭരണം തിരിച്ചു പിടിക്കാനുള്ള ശേഷിയാണ് കോൺഗ്രസ്സിനുള്ളത് എന്നതിനാണ് കോൺഗ്രസ്സ് നേതാക്കൾ ആദ്യം മറുപടി പറയേണ്ടത്.

കോൺഗ്രസ്സ് നിലവിൽ ഭരിക്കുന്ന രാജസ്ഥാൻ പോലും ആ പാർട്ടിയെ കൈവിടുന്ന അവസ്ഥയാണ് നിലവിലുള്ളത്. സച്ചിൻ പൈലറ്റ് – അശോക് ഗെലോട്ട് തർക്കം രാജസ്ഥാനിൽ ബി.ജെ.പിയുടെ പാതയാണ് സുഗമമാക്കുക. കോൺഗ്രസ്സ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ചത്തിസ്ഗഢിലും ഭരണ വിരുദ്ധ വികാരം ശക്തമാണ്. ഇതും ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്. ഒരു കർണ്ണാടക കോൺഗ്രസ്സ് പിടിക്കുമ്പോൾ അവരുടെ കൈവശമുള്ള രണ്ടു സംസ്ഥാന ഭരണങ്ങളാണ് നഷ്ടപ്പെടുന്ന അവസ്ഥയിലുള്ളത്. ഇവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിനു ഇനി മാസങ്ങൾ മാത്രമാണുള്ളത്. കയ്യിലുള്ള ഈ രണ്ടു സംസ്ഥാനങ്ങളിൽ ഭരണം നിലനിർത്തിയാണ് കോൺഗ്രസ്സ് അവകാശവാദം ഉന്നയിക്കുന്നതെങ്കിൽ തീർച്ചയായും അതിനൊരു ആധികാരികത ഉണ്ടാവുമായിരുന്നു. എന്നാൽ, ഇവിടെ ഇപ്പോൾ… കർണ്ണാടക വിജയത്തിലെ ആവേശ തള്ളിച്ചയിൽ രാഹുലും കോൺഗ്രസ്സ് നേതാക്കളും വസ്തുകൾ മറച്ചുവച്ചാണ് പ്രതികരിച്ചിരിക്കുന്നത്.

“വെറുപ്പിന്റെ ചന്ത പൂട്ടിയെന്നും, സ്നേഹത്തിന്റെ കട തുറന്നെന്നും” ആവേശപൂർവ്വം അവകാശപ്പെടുന്ന രാഹുൽ ഗാന്ധി ഇന്നലകളിലെ ഇന്ത്യയുടെ മുറിവുകളാണ് ബോധപൂർവ്വം മറന്നിരിക്കുന്നത്. ലോകസഭയിൽ കേവലം 2 എംപിമാർ മാത്രം ഉണ്ടായിരുന്ന ബി.ജെ.പിയെ രാജ്യം ഭരിക്കുന്ന പാർട്ടിയാക്കി മാറ്റിയതിന്റെ പ്രധാന ഉത്തരവാദിത്വം രാഹുൽ ഗാന്ധിയുടെ മുൻഗാമികൾക്കു മാത്രം അവകാശപ്പെട്ടതാണ്. ബാബറി മസ്ജിദ് തകർക്കപ്പെട്ടത് കോൺഗ്രസ്സ് കേന്ദ്രം ഭരിക്കുമ്പോഴാണ് വർഗീയ സംഘർഷങ്ങൾ വിതച്ച് രാജ്യത്തിന്റെ തെരുവിലൂടെ അദ്വാനിയുടെ രഥയാത്ര കടന്നു പോകുമ്പോഴൊന്നും “വെറുപ്പിന്റെ ആ ചന്ത പൂട്ടിക്കാൻ” ഒരു കോൺഗ്രസ്സ് സർക്കാറുകളും ഉണ്ടായിരുന്നില്ല. ഏറ്റവും അധികം വർഗ്ഗീയ കലാപങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതും ഇപ്പോൾ ‘വെറുപ്പിന്റെ ചന്ത പൂട്ടിയെന്നു’ അവകാശപ്പെടുന്നവർ ഭരിച്ചിരുന്ന സംസ്ഥാനങ്ങളിലായിരുന്നു. ആ പൊള്ളുന്ന ചരിത്രം രാഹുൽ ഗാന്ധിയും മറക്കാതിരിക്കുന്നതാണ് നല്ലത്.

കർണ്ണാടകയിൽ വിജയിച്ചതോടെ കോൺഗ്രസ്സ് ഇപ്പോൾ കൂടുതലായി പ്രചരിപ്പിക്കുന്ന മറ്റൊരു കാര്യം അഴിമതിയെ കുറിച്ചാണ്. കർണ്ണാടകയിൽ ബി.ജെ.പിയുടെ പതനം പൂർത്തിയാക്കുന്നതിൽ കോൺഗ്രസ്സിന്റെ അഴിമതി വിരുദ്ധ പ്രചരണവും വലിയ പങ്കു വഹിച്ചിട്ടുണ്ട്. കർണ്ണാടകയിൽ ബി.ജെ.പി സർക്കാറിനു കീഴിൽ വൻ അഴിമതിയാണ് നടന്നിരുന്നത് എന്ന കാര്യത്തിൽ തർക്കവുമില്ല. എന്നാൽ അത് ഉന്നയിച്ച് നല്ലപിള്ള ചമയാൻ ശ്രമിച്ചതു കൊണ്ടു മാത്രം കോൺഗ്രസ്സിനു മേലുള്ള അഴിമതിയുടെ പാപകറ മാഞ്ഞുപോവുകയില്ല. കോൺഗ്രസ്സ് ഭരണകാലത്ത് രാജ്യത്ത് നടന്നിടത്തോളം അഴിമതി മറ്റൊരു സർക്കാറുകളുടെ കാലത്തും ഈ രാജ്യത്ത് നടന്നിട്ടില്ല. ഏറ്റവും ഒടുവിൽ രണ്ടാം യു.പി.എ സർക്കാറിന് നാണംകെട്ട് പുറത്തു പോകേണ്ടി വന്നതും നരേമോദിക്ക് അധികാരത്തിൽ വരാൻ വഴി ഒരുക്കിയതും മൻമോഹൻ സിംഗ് സർക്കാറിന്റെ കാലത്തു നടന്ന വൻ അഴിമതികളാണ്. എം.വി ജയരാജൻ പറഞ്ഞതു പോലെ കുംഭകോണങ്ങളുടെ കുംഭമേളയാണ് അക്കാലത്ത് നടന്നിരുന്നത്.

പ്രതിരോധ ഇടപാടുകളിലൂടെയും, ടെലികോം, കോമൺ‌വെല്‍ത്ത്, ഐപിഎല്‍ അഴിമതികളിലൂടെയും, രാജ്യത്തിനകത്തും പുറത്തും ഇന്ത്യക്കാര്‍ക്ക് ശിരസ്സ് കുനിക്കേണ്ട അവസ്ഥയാണ് യുപിഎ ഭരണകൂടം അക്കാലത്ത് സൃഷ്‌ടിച്ചിരുന്നത്. കേന്ദ്രഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ നടത്തുന്ന അഴിമതി സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് നേതാക്കളും മാതൃകയാക്കിയതോടെ ആദര്‍ശ് ഫ്ളാറ്റ് കുംഭകോണവും സംഭവിക്കുകയുണ്ടായി. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കാനെന്നു പറഞ്ഞ് സര്‍ക്കാരില്‍നിന്നും കണ്ണായ സ്ഥലത്തെ ഭൂമി തട്ടിയെടുക്കുകയും അനുവദിക്കപ്പെട്ടതിന്റെ പലമടങ്ങ് വലുപ്പമുള്ള കെട്ടിടം നിര്‍മിക്കുകയും ചെയ്തതായാണ് മറ്റൊരു ആരോപണം. ഒടുവില്‍ ആ കെട്ടിടത്തിലെ ഫ്ളാറ്റുകള്‍ മുഖ്യമന്ത്രിയുടെയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും ബന്ധുക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വീതംവച്ച് നല്‍കുകയുമുണ്ടായി. ജനങ്ങളുടെ ചിന്തകള്‍ക്കും എത്രയോ അപ്പുറമാണ് കോൺഗ്രസ് ഭരണത്തിൽ നടത്തിയിരിക്കുന്ന ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍.

അഴിമതിയുടെ വിശദാംശങ്ങള്‍ വിലയിരുത്തുന്ന ട്രാന്‍സ്‌പരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ 2009ലെ സര്‍വേ റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയുടെ സ്ഥാനം ഏറ്റവും വലിയ അഴിമതിക്കാരുടെ രാജ്യമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. കോളിളക്കം സൃഷ്ടിച്ച സ്പെക്ട്രം ഇടപാട് സംഭവിച്ചതും കോൺഗ്രസ്സ് കേന്ദ്രം ഭരിക്കുമ്പോഴാണ്. രണ്ടാം തലമുറ സ്‌പെക്‌ട്രം ഇടപാടില്‍ മാത്രം 1.76 ലക്ഷം കോടി രൂപയുടെ നഷ്‌ടമാണ് പൊതുഖജനാവിനുണ്ടായതെന്നാണ് സര്‍ക്കാരിന്റെ മുഖ്യ വരവ് ചെലവ് കണക്ക് പരിശോധകന്‍ തന്നെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മൂന്നാംതലമുറ സ്‌പെക്‌ട്രം ലൈസന്‍സ് ലേലംചെയ്‌തപ്പോഴാണ് ഈ അഴിമതിയുടെ ആഴം പുറത്തായിരുന്നത്. ‘ആദ്യം വന്നവര്‍ക്ക് ആദ്യം’ എന്ന നയമാണ് പ്രസ്തുത ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇതാകട്ടെ കേന്ദ്രമന്ത്രി രാജയുടെ സ്വന്തക്കാര്‍ക്ക് ലൈസന്‍സ് നല്‍കാന്‍ വേണ്ടിയുണ്ടാക്കിയ മാനദണ്ഡവുമായിരുന്നു.

ധന-നിയമ മന്ത്രാലയങ്ങളുടെയും ടെലികോം വകുപ്പിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് മൻമോഹൻ മന്ത്രിസഭയിലെ മന്ത്രി രാജ 2008ല്‍ 12 മൊബൈല്‍ കമ്പനികൾക്കായി 35 ലൈസന്‍സ് നല്‍കിയിരുന്നത്. 1,76,379 കോടി രൂപയുടെ നഷ്‌ടമാണ് ഈ നടപടിമൂലം കേന്ദ്രസര്‍ക്കാരിന് സംഭവിച്ചത്. സര്‍ക്കാരിന് നഷ്‌ടമുണ്ടായ തുക ലൈസന്‍സ് നേടിയ കമ്പനികളില്‍നിന്ന് ഈടാക്കാന്‍ നടപടി സ്വീകരിക്കാതെ അഴിമതിക്കാരനായ മന്ത്രിയെ കോൺഗ്രസ് നേതൃത്വം സംരക്ഷിച്ചതും രാജ്യം കണ്ട കാഴ്ചയാണ്. നടപടിക്രമം പാലിക്കാതെയാണ് കമ്പനികള്‍ക്ക് മന്ത്രി ലൈസന്‍സ് നല്‍കിയതെന്ന് മുന്‍ ടെലികോം സെക്രട്ടറി സി എസ് മാഥൂർ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുമുണ്ട്. 2007 ഡിസംബര്‍ 31ന് സര്‍വീസില്‍നിന്നു പിരിഞ്ഞ ഈ ഉദ്യോഗസ്ഥനോട് 2007 നവംബറില്‍ത്തന്നെ ലൈസന്‍സ് നല്‍കുന്ന ഫയലുകളില്‍ ഒപ്പിടാനാണ് ടെലികോം മന്ത്രി ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ ഈ ഉദ്യോഗസ്ഥന്‍ അതിനു തയ്യാറായിരുന്നില്ല. പുതിയ ടെലികോം സെക്രട്ടറി വന്നതോടെയാണ് സ്‌റ്റോറേജിലുണ്ടായിരുന്ന സ്‌പെക്‌ട്രം ഇടപാട് സംബന്ധിച്ച ഫയലില്‍ ഒപ്പിട്ടിരുന്നത് അതാകട്ടെ 2001ലെ നിരക്കിലുമായിരുന്നു. 2008ല്‍ ആണ് ഇതിനായി ലൈസന്‍സുകളും നല്‍കിയിരുന്നത്. ഇതു സംബന്ധമായ
സിഎജി റിപ്പോര്‍ട്ട് വന്നപ്പോള്‍ത്തന്നെ മന്ത്രി രാജയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് പ്രക്ഷോഭം കത്തിപ്പടർന്നതോടെ ഗത്യന്തരമില്ലാതെയാണ് ഒടുവിൽ മന്ത്രിയെ പ്രധാനമന്ത്രി രാജിവയ്പ്പിച്ചിരുന്നത്. സുപ്രീംകോടതിയും മന്ത്രി രാജയെ രൂക്ഷമായാണ് വിമർശിച്ചിരുന്നത്. സമീപകാല ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയായാണ് സ്‌പെക്‌ട്രം ഇടപാട് ഇപ്പോഴും വിലയിരുത്തപ്പെടുന്നത്. ഗുണനിലവാരമില്ലാത്ത ആയുധങ്ങള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ഇസ്രയേല്‍ കമ്പനിയില്‍നിന്ന് വാങ്ങിക്കൂട്ടിയതാണ് യു.പി.എ സർക്കാറിന്റെ കാലത്ത് ഉയർന്നു വന്ന മറ്റൊരു ക്രമവിരുദ്ധ നടപടി. ഇതും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ സംഭവമാണ്.

യു.പി.എ സർക്കാറിന്റെ കാലത്താണ് കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ നടന്നിരുന്നത്. കോൺഗ്രസിന്റെ “കറപ്‌ഷന്‍ വെല്‍ത്ത് ഗെയിംസായാണ്” കോമൺ‌വെല്‍ത്ത് ഗെയിംസ് ചർച്ച ചെയ്യപ്പെട്ടിരുന്നത്. വിവിധ അന്വേഷണ ഏജന്‍സികളെല്ലാം തന്നെ ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടുകളും അഴിമതിയും ചൂണ്ടിക്കാട്ടിയിട്ടും ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് അന്നത്തെ പ്രധാനമന്ത്രി അടക്കമുള്ളവർ സ്വീകരിച്ചിരുന്നത്. ലോകത്തിന്റെ മുമ്പാകെ രാജ്യത്തിന്റെ യശസ്സാണ് ഈ സംഭവം വഴി കളങ്കപ്പെട്ടിരുന്നത്. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസുതന്നെ ഗെയിംസിന്റെ സംഘാടനം ഒടുവില്‍ ഏറ്റെടുക്കേണ്ടി വന്നതും രാജ്യം കണ്ട കാഴ്ചയാണ്. ഗെയിംസ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടാണ് ഇക്കാര്യത്തിൽ പേരിനെങ്കിലും ചെറിയ നടപടി ണ്ടായിരുന്നത്. ഗെയിംസിന്റെ സംഘാടകന്‍ എന്ന പദവി ഉപയോഗിച്ച് നടത്തിയ ക്രമവിരുദ്ധ കാര്യങ്ങള്‍ക്ക് പാർട്ടി പദവിയിൽ നിന്നാണ് സുരേഷ് കൽമാഡിയെ തൽക്കാലത്തേക്ക് മാറ്റിയിരുന്നത്. അപ്പോഴും ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹിത്വം ഉള്‍പ്പെടെ അദ്ദേഹം. കായികമേഖലയിൽ വഹിച്ചിരുന്ന ഒരു ചുമതലയും മൻമോഹൻ സിംഗ് സർക്കാർ മാറ്റിയിരുന്നില്ല.

രാജ്യത്തെ നടുക്കിയ ഇത്തരം വലിയ അഴിമതികൾ എല്ലാം ഉണ്ടായിരിക്കുന്നത് കോൺഗ്രസ്സ് കേന്ദ്രം ഭരിക്കുമ്പോഴാണ് അവരുട ഭരണകാലത്ത് അഴിമതി ആരോപണത്തെതുടര്‍ന്ന് രാജിവച്ച് പോകേണ്ടിവന്ന മന്ത്രിമാരുടെ എണ്ണവും നിരവധിയാണ്. കേന്ദ്ര മന്ത്രിമാർ മുതൽ സംസ്ഥാന മന്ത്രിമാർ വരെ ആ പട്ടിക നീളും. കോൺഗ്രസ്സ് ഭരിച്ച ഓരോ സംസ്ഥാനത്തെയും അഴിമതി കഥകൾ പറയാനാണെങ്കിൽ അതും അനവധിയുണ്ട്. ഇവിടെ സൂചിപ്പിച്ചത് കേന്ദ്രത്തിലെ അവസാന കോൺഗ്രസ്സ് സർക്കാറിന്റെ കാലത്തെ ചില കാര്യങ്ങൾ മാത്രമാണ്. ഇതെല്ലാം ശരിക്കും മനസ്സിലാക്കി വേണം അഴിമതിക്കെതിരെ കോൺഗ്രസ്സ് നേതാക്കൾ പ്രതികരിക്കേണ്ടത്. അതല്ലങ്കിൽ മലർന്നു കിടന്നു തുപ്പുന്നതിനു തുല്യമായി പോകും.

ഇത് വിവര സാങ്കേതിക വിദ്യയുടെ പുതിയ കാലമാണ്. ഏത് വിവരവും ഒരു വിരൽ തുമ്പിൽ ലഭിക്കുന്ന പുതിയകാലത്ത് തെറ്റിധരിപ്പിക്കാൻ നോക്കിയിട്ട് ഒരു കാര്യവുമില്ല. ആരുടെ ഭരണകാലത്താണ് ബി.ജെ.പി വളർന്നതെന്നതും ഏറ്റവും കൂടുതൽ രാജ്യത്ത് അഴിമതി നടത്തിയ പാർട്ടി ഏതാണെന്നതും ഇവിടുത്തെ ജനങ്ങൾക്ക് ശരിക്കും ബോധ്യമുള്ള കാര്യമാണ്. ബി.ജെ.പിക്കെതിരെ മറ്റൊരു ശക്തമായ ബദൽ ഇല്ലാത്തതു കൊണ്ടു മാത്രമാണ് കർണ്ണാടകയിൽ കോൺഗ്രസ്സ് ജയിച്ചിരിക്കുന്നത്. അങ്ങനെ വിലയിരുത്തുന്നതു തന്നെയാണ് ഉചിതവുമാകുക. ഇക്കാര്യത്തിൽ മറിച്ചാണ് ബോധ്യമെങ്കിൽ കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിലും ചത്തിസ്ഗഡിലും വീണ്ടും ജയിച്ചു കാണിക്കണം. കോൺഗ്രസ്സ് ദേശീയ അദ്ധ്യക്ഷൻ അവകാശപ്പെട്ടതു പോലെ കർണ്ണാടക വിജയത്തിന് കാരണമായത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയാണെങ്കിൽ ആ യാത്രയിൽ പങ്കെടുക്കവെ കുഴഞ്ഞു വീണു മരിച്ച ജലന്ധർ എം പി സന്തോഖ് സിംഗ് ചൗധരിയുടെ മണ്ഡലത്തിലും കോൺഗ്രസ്സ് വിജയിക്കണമായിരുന്നു.

എന്നാൽ ഉപതിരഞ്ഞെടുപ്പിൽ ഇവിടെ അട്ടിമറി വിജയം നേടിയിരിക്കുന്നത് ആംആദ്മി പാർട്ടിയിലെ സുശീൽകുമാർ റിങ്കുവാണ്. അരലക്ഷത്തിനും മുകളിൽ ഭൂരിപക്ഷം നേടിയാണ് കാൽനൂറ്റാണ്ടോളം കോൺഗ്രസ്സ് കുത്തകയാക്കിവച്ച മണ്ഡലം എ.എ.പി പിടിച്ചെടുത്തിരിക്കുന്നത്. പഞ്ചാബിൽ, എന്തുകൊണ്ടാണ് രാഹുൽ യാത്ര ഏശാതെ പോയതെന്നതു കൂടി, ഈ സാഹചര്യത്തിൽ കോൺഗ്രസ്സ് നേതൃത്വം പരിശോധിക്കുന്നതു നല്ലതായിരിക്കും. കർണ്ണാടകയിൽ ‘കൈ’ തട്ടി താമരയുടെ ഇതൾ പൊഴിഞെന്നു കരുതി എല്ലാ സംസ്ഥാനങ്ങളിലും അത് ആവർത്തിക്കുമെന്ന് കരുതരുത്. അതിനുള്ള ആരോഗ്യം തൽക്കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ഇപ്പോഴില്ല രാജ്യമറിയുന്ന യാഥാർത്ഥ്യം തന്നെയാണത്.

EXPRESS KERALA VIEW

Top