ദൃശ്യം 2ന്റെ തെലുങ്കു ചിത്രീകരണം കൈപ്പക്കവലയില്‍ ഒരുങ്ങുന്നു

മൂലമറ്റം: മലയാളസിനിമയില്‍ ചരിത്രം സൃഷ്ടിച്ച ദൃശ്യം രണ്ടിന്റെ തെലുങ്കു സിനിമയുടെ ചിത്രീകരണത്തിന് കൈപ്പക്കവല ഒരുങ്ങുന്നു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം 22 ന് കൈപ്പക്കവലയില്‍ ആരംഭിക്കും.

വെങ്കിടേഷ് ആണ് നായകന്‍. നായിക മീന. ചിത്രത്തിന്റെ ഇന്‍ഡോര്‍ ചിത്രീകരണങ്ങള്‍ 10 ദിവസം മുന്‍പ് ഹൈദരാബാദ് ആരംഭിച്ചു. മലങ്കര ജലാശയത്തിന് പറയാന്‍ ഒട്ടേറെ സിനിമ കഥകള്‍ ഉണ്ടെങ്കിലും ഇവിടെ നിന്നു ചിത്രീകരിച്ച ദൃശ്യം ഇന്നും ഒരു ചരിത്രമാണ്. ഒരു ചിത്രത്തിന്റെ റീമേക്ക് അതേ ലൊക്കേഷനില്‍ എടുക്കാറില്ല.

എന്നാല്‍ തമിഴ്, കന്നഡ ചിത്രങ്ങളുടെ ലൊക്കേഷന്‍ ഇവിടെ തന്നെയാണ് എടുത്തത്. ഇതിന്റെ രണ്ടാം ഭാഗമായ മലയാളത്തിലെ ദൃശ്യം രണ്ടിന്റെ ചിത്രീകരണം നടത്തിയതും കൈപ്പക്കവലയില്‍ തന്നെയാണ്.

ഇതിന്റെ തെലുങ്ക് സിനിമയുടെ പിന്നാലെ തമിഴ്, കന്നഡ ചിത്രങ്ങളും ഇവിടെ തന്നെ ചിത്രീകരിക്കാന്‍ ഒരുങ്ങുന്നതായും ലൊക്കേഷന്‍ മാനജര്‍ ദാസ് തൊടുപുഴ പറഞ്ഞു. ഇതോടെ ദൃശ്യം രണ്ടിന്റെയും വിവിധ ഭാഷകളിലുള്ള റീമേക്കാണ് കൈപ്പക്കവലയില്‍ ഒരുങ്ങുന്നത്.

 

Top