ജീത്തു ജോസഫ് ബേസില്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ‘നുണക്കുഴി’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ്

മോഹന്‍ലാല്‍ ചിത്രം ‘നേര്’ തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി സംവിധായകന്‍ ജീത്തു ജോസഫ്. ബേസില്‍ ജോസഫ് പ്രധാന കഥാപാത്രമാകുന്ന ‘നുണക്കുഴി’ എന്ന ചിത്രം പൂര്‍ത്തിയായി. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ കഥപറയുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് കെ ആര്‍ കൃഷ്ണകുമാര്‍ ആണ്. ജീത്തു ജോസഫിന്റെ മുന്‍ചിത്രങ്ങളായ ‘ട്വല്‍ത്ത് മാന്‍’, ‘കൂമന്‍’ എന്നിവയുടെ തിരക്കഥയും കൃഷ്ണകുമാര്‍ തന്നെയായിരുന്നു.

ഗ്രേസ് ആന്റണി, മനോജ് കെ ജയന്‍, സ്വാസിക, സിദ്ദിഖ്, ബൈജു സന്തോഷ്, സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജീത്തുവിന്റെ സിനിമകളിലെ പതിവ് സാന്നിധ്യങ്ങളായ ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പും ചിത്രസംയോജകന്‍ വിനായക് വി എസും നുണക്കുഴി എന്ന ചിത്രത്തിന്റെ ഭാഗമാണ്.

ക്രിസ്മസ് റിലീസായി എത്തുന്ന ‘നേര്’ മോഹന്‍ലാലുമായുള്ള ജീത്തുവിന്റെ അഞ്ചാമത്തെ സിനിമയാണ്. നേരിന് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി ചിത്രീകരണം ആരംഭിച്ച ‘റാം’ പൂര്‍ത്തിയാക്കിയിട്ടില്ല. കോര്‍ട്ട് റൂം ഡ്രാമ ജോണറില്‍ ഉള്ളതാണ് നേര്.

Top