ബോട്ട് അപകടം നടന്നത് തങ്ങള്‍ അറിഞ്ഞിട്ടില്ലന്ന് ആംബര്‍ കപ്പല്‍ അധികൃതര്‍

കൊച്ചി: മത്സ്യബന്ധന ബോട്ടിനെ വിദേശ കപ്പല്‍ ഇടിച്ചുതകര്‍ത്ത സംഭവത്തില്‍ അപകടം നടന്നത് തങ്ങള്‍ അറിഞ്ഞിട്ടില്ലന്ന് കപ്പല്‍ അധികൃതര്‍ അറിയിച്ചു.

ഭാരകൂടുതല്‍ ഉള്ളതുകൊണ്ട് കപ്പല്‍ ഇതുവരെ തീരത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ പൊലീസിന് ഇതുവരെ കപ്പലില്‍ കയറാനോ മൊഴിയെടുക്കാനോ കഴിഞ്ഞിട്ടില്ല. കപ്പല്‍ തീരത്തെത്തിക്കാനുള്ള തുടര്‍ നടപടികള്‍ തുടരുകയാണ്.

പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എന്ന കപ്പലാണ് കൊച്ചിയില്‍നിന്നു മത്സ്യബന്ധനത്തിനുപോയ കാര്‍മല്‍ മാതാ എന്ന ബോട്ടിനെ ഇടിച്ചുതകര്‍ത്തത്. ഇടിച്ചശേഷം കപ്പല്‍ നിര്‍ത്താതെ പോയി. അപകടമുണ്ടാക്കിയ കപ്പല്‍ കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബോട്ടില്‍ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കടലില്‍ വീണ ഒരാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കുളച്ചല്‍ സ്വദേശി തമ്പിദുരൈ, അന്യസംസ്ഥാന തൊഴിലാളി രാഹുല്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഉത്തരേന്ത്യയില്‍ നിന്നുള്ള മറ്റൊരു തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണ്.

Top