അവസാനത്തെ എം.എസ്.എഫിന്റെ’ ചീട്ടും’ കീറി എസ്.എഫ്.ഐയുടെ കിടിലന്‍ വിജയം

തേഞ്ഞിപ്പാലം: സംസ്ഥാനത്തെ കാമ്പസുകള്‍ കീഴടക്കിയ എസ്.എഫ്.ഐ കാലിക്കറ്റ് സര്‍വ്വകലാശാലാ യൂണിയനിലും വിജയം ആവര്‍ത്തിച്ചു.

മുന്‍കാലങ്ങളില്‍ എസ്.എഫ്.ഐ സര്‍വ്വകലാശാലാ യൂണിയന്‍ ഭരണം നടത്തുമ്പോള്‍ പോലും മലപ്പുറം ജില്ലാ എക്‌സിക്യുട്ടീവ് സ്ഥാനം കുത്തകയാക്കിയ എം.എസ്.എഫിന് എസ്എഫ്‌ഐയുടെ തേരോട്ടത്തില്‍ അതും നഷ്ടപ്പെട്ടു.

കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ പി സുജ ചെയര്‍പേഴ്സണായും മഞ്ചേരി എന്‍എസ്എസ് കോളേജിലെ കെ മുഹമ്മദലി ശിഹാബ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

മുട്ടില്‍ ഡബ്ല്യുഎംഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ അശ്വിന്‍ ഹസ്മി ആനന്ദാണ് വൈസ്ചെയര്‍മാന്‍.

നിലമ്പൂര്‍ അമല്‍ കോളേജ് ഓഫ് അഡ്വന്‍സ്ഡ് സ്റ്റഡീസിലെ കെ റസ്മി ലേഡി വൈസ്ചെയര്‍മാനായും വടക്കാഞ്ചേരി ശ്രീ വ്യാസ എന്‍എസ്എസ് കോളേജിലെ അന്‍ഷ അശോകന്‍ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഇ പി നിഖില്‍ നാരായണനാണ് പാലക്കാട് ജില്ലാ എക്സിക്യുട്ടീവ് അംഗം. തൃശൂര്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി തൃശൂര്‍ കേരളവര്‍മ കോളേജിലെ എന്‍ എസ് ഷിജില്‍ വിജയിച്ചു.

എംഎസ്എഫിന് കനത്ത പ്രഹരമേല്‍പിച്ചാണ് മലപ്പുറം ഗവ. കോളേജിലെ ടി പി തന്‍സി മലപ്പുറം ജില്ലാ എക്സിക്യുട്ടീവായി തെരഞ്ഞെടുക്കപ്പെട്ടത്.

വയനാട് ജില്ലാ എക്സിക്യുട്ടീവായി സുല്‍ത്താന്‍ബത്തേരി സെന്റ്മേരീസ് കോളേജിലെ എം എം നന്ദകുമാര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗമായി എംഎസ്എഫിന്റെ നജ്മുസാഖിബ് ബിന്‍ മുഹമ്മദ് അബ്ദുള്ള അല്‍കബീര്‍ ഖാന്‍ (നാദാപുരം എംഇടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്) തെരഞ്ഞെടുക്കപ്പെട്ടു.

ഒരു വോട്ടിനാണ് എസ്എഫ്ഐ സ്ഥാനാര്‍ഥിയുടെ പരാജയം. കഴിഞ്ഞ തവണയും എംഎസ്എഫ് രണ്ട് വോട്ടിനാണ് കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനത്ത് വിജയിച്ചിരുന്നത്.

ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കാമ്പസില്‍ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി എം വിജിന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിന്റോ ജോസഫ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ശ്യാം പ്രസാദ്, എം എസ് ഫെബിന്‍, മലപ്പുറം ജില്ലാ സെക്രട്ടറി പി ഷെബീര്‍, പാലക്കാട് ജില്ലാ സെക്രട്ടറി കെ ജയദേവന്‍, യൂണിവേഴ്സിറ്റി യൂണിയന്‍ മുന്‍ ചെയര്‍മാന്‍ വി പി ശരത്പ്രസാദ്, തൃശൂര്‍ ജില്ലാസെക്രട്ടറി റോസല്‍ രാജ്, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയര്‍മാന്‍ പി സുജ എന്നിവര്‍ സംസാരിച്ചു.

ആകെയുള്ള 393 കൗണ്‍സിലര്‍മാരില്‍ 385 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. 90 മുതല്‍ 99 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടിയാണ് ജനറല്‍ സീറ്റുകളില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികളുടെ വിജയം.

Top