രാജസ്ഥാൻ സർക്കാറിനെയും ‘വെട്ടിലാക്കി’ വയനാട്ടിലെ എസ്.എഫ്.ഐ സമരം !

രാജസ്ഥാൻ രാഷ്ട്രീയത്തെ ചൂട് പിടിപ്പിച്ച് എസ്.എഫ്.ഐ സമരം !

എസ്.എഫ്.ഐ വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചും, ഇതിനോട് രാഹുൽ ഗാന്ധി നടത്തിയ പ്രതികരണവുമാണ് രാജസ്ഥാൻ രാഷ്ട്രീയത്തിൽ സജീവ ചർച്ചയായിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പ്രതികരണത്തെ,ഉദയ്പൂർ കൊലപാതകത്തെ കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവനയായി വരുത്തി തീർത്ത് സീ ന്യൂസ് കൊടുത്ത വാർത്തയും, ബി.ജെ.പി എം.പിയുടെ പ്രതികരണവുമാണ്, വൻ കോളിളക്കത്തിന് കാരണമായിരിക്കുന്നത്. തുടർന്ന് രാജസ്ഥാനിലെ ബി.ജെ.പി എം.പിക്കും വാർത്ത അവതാരകനുമെതിരെ രാജസ്ഥാൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയാണ് ഉണ്ടായത്.ബി.ജെ.പി ദേശീയ വക്താവ് കൂടിയായ രാജ്യവർധൻ റാത്തോഡ് ആണ് കേസിൽ കുരുങ്ങിയിരിക്കുന്നത്.
ശനിയാഴ്ച രാത്രിയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വ്യക്തിയെ മനഃപൂർവം അപമാനിക്കുക, ഭീഷണിപ്പെടുത്തുക, മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ പ്രാദേശിക നേതാവ് രാം സിങ് ബാൻപാർക്ക് ​​പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വാർത്താ ചാനലിനെ വിമർശിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് നടപടിയും ഉണ്ടായിരിക്കുന്നത്.

രാഹുൽ ഗാന്ധി കേരള സന്ദർശനത്തിനിടെ എസ്.എഫ്.ഐക്ക് നേരെ നടത്തിയ പ്രസ്താവന, സീ ന്യൂസ് അവതാരകൻ രോഹിത് രഞ്ജൻ തന്റെ വാർത്ത പരിപാടിയിൽ ഉദയ്പൂർ കൊലപാതകത്തെ കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവനയായി വരുത്തി തീർക്കാൻ ശ്രമിച്ചെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.

ബി.ജെ.പിയുടെ മുൻ കേന്ദ്രമന്ത്രി കൂടിയായ റാത്തോഡ്, മേജർ സുരേന്ദ്ര പൂനിയ, കമലേഷ് സൈനി എന്നിവരുമായി ഗൂഢാലോചന നടത്തിയാണ് മാധ്യമ സംഘം ഇത് ചെയ്തതെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.

രാഹുൽ ഗാന്ധി വയനാട്ടിൽ വെച്ച് സംസാരിച്ചത് എസ്.എഫ്.ഐക്കെതിരെ ആണെന്ന് ചാനിലിന്റെ അവതാരകർക്കും പ്രമോട്ടർമാർക്കും വ്യക്തമായി അറിയാമായിരുന്നുവെന്നും, അദ്ദേഹം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വാർത്ത വിവാദമായതോടെ സന്ദർഭം തെറ്റായി എടുക്കുകയായിരുന്നെന്ന് ഏറ്റു പറഞ്ഞ് ചാനലും ക്ഷമാപണം നടത്തിയിട്ടുണ്ട്.

”ഇത് ചെയ്തവർ നിരുത്തരവാദമായാണ് പെരുമാറിയതെന്നും, പക്ഷെ അവർ കുട്ടികളാണെന്നും അവരോട് ക്ഷമിക്കണമെന്നുമാണ്, വയനാട്ടിലെ എം.പി ഓഫീസ് തകർത്ത എസ്.എഫ്.ഐ വിദ്യാർഥികളെ ചൂണ്ടിക്കാട്ടി രാഹുൽ പ്രതികരിച്ചിരുന്നത്.

അദ്ദേഹത്തിന്റെ ഈ പ്രസ്താവനയാണ്, പിന്നീട് സീ ന്യൂസ് അവതാരകൻ കനയ്യ ലാലിന്റെ കൊലപാതകികളെ പിന്തുണക്കുന്നതാണെന്ന തരത്തിൽ അവതരിപ്പിച്ചിരുന്നത്.തുടർന്ന് പാർട്ടിക്കെതിരെ ജനരോഷം ശക്തമായതോടെയാണ് ,ഇതിനെതിരെ കോൺഗ്രസ്സ് പ്രവർത്തകൻ തന്നെ പരാതി നൽകിയതും, ഉടൻ തന്നെ രാജസ്ഥാൻ പൊലീസ് കേസെടുക്കുകയും ചെയ്തിരിക്കുന്നത്. രാജ്യത്ത് കോൺഗ്രസ്സ് ഭരണമുള്ള രണ്ടു സംസ്ഥാനങ്ങളിൽ ഒന്നാണ് രാജ്യസ്ഥാൻ.ഉദയ്പൂർ
സംഭവം രാജസ്ഥാൻ ഭരണം നഷ്ടമാക്കുമോ എന്ന ഭയം കോൺഗ്രസ്സ് ഹൈക്കമാന്റിലും ശക്തമാണ്. അതു കൊണ്ട് കൂടിയാണ് വിവാദ വാർത്തയിൽ ശക്തമായ നടപടിക്ക് കോൺഗ്രസ്സ് നേതൃത്വം നിർദ്ദേശം നൽകിയിരുന്നത്. വാർത്താ അവതാരകനും ബി.ജെ.പി എം.പിക്കും എതിരായ നടപടിയെ ന്യായീകരിക്കാൻ, രാഹുലിന്റെ വയനാട്ടിലെ പ്രതികരണവും, എസ്.എഫ്.ഐ സമരത്തിൻ്റെ കാരണവും എല്ലാം, കോൺഗ്രസ്സും പോഷക സംഘടനകളും വ്യാപകമായാണ് സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ചു വരുന്നത്.

Top