ജീവനക്കാരെ ഭീതിയിലാഴ്ത്തി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസിനുള്ളില്‍ പാമ്പ്

ഗുഡ്ഗാവ്: ഗുഡ്ഗാവിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസില്‍ വെള്ളിക്കെട്ടന്‍ പാമ്പിനെ കണ്ടെത്തി.

രണ്ടര അടിയില്‍ കൂടുതല്‍ നീളമുള്ള പാമ്പിനെ തിങ്കളാഴ്ചയാണ് എസ്ഡിഎം ഓഫീസില്‍ കണ്ടെത്തിയത്.

പാമ്പ് ഓഫീസില്‍ കയറിയ സമയത്ത് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഭരത് ഭൂഷന്‍ ഗോഗിയ ഓഫീസില്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിനു സുരക്ഷ ഉറപ്പു വരുത്താന്‍ ഓഫീസിലെ മറ്റു ജീവനക്കാര്‍ ഏറെ പ്രയാസപ്പെട്ടു.

‘ആളുകള്‍ ഭയന്ന് ഓടുന്നതും നിലവിളിക്കുന്നതുമാണ് ഞാന്‍ ആദ്യം കേട്ടത്. എന്നാല്‍, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പ് പാമ്പ് എന്റെ മുന്നിലൂടെ ഇഴഞ്ഞ് കംപ്യൂട്ടര്‍ ടേബിളിന്റെ അടിയില്‍ ഒളിക്കുകയായിരുന്നു’ ഗോഗിയ പറഞ്ഞു.

ഉടനെ ഓഫീസിലുള്ള ജീവനക്കാരെ പുറത്തിറക്കുകയും തുടര്‍ന്ന് ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഓഫീസില്‍ പ്രവേശിക്കുകയും പാമ്പിനെ പുറത്തെടുക്കുകയും ചെയ്തു.

ഹരിയാനയില്‍ പാമ്പ് സര്‍വ്വ സാധാരണമാണ് എന്നാല്‍ കൊടിയ വിഷമുള്ള ഇനമാണിതെന്നും ഓഫീസിനു പിന്നിലെ കാടുപിടിച്ച സ്ഥലത്ത് നിന്നായിരിക്കും പാമ്പ് ഓഫീസിലേക്ക് കയറിയതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top