സെൻസെക്സ് 1,016.84 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഇന്ത്യൻ ഓഹരി നിക്ഷേപകർക്ക് ലക്ഷങ്ങളുടെ നഷ്ടം. ഉയരുന്ന എണ്ണവില നാണ്യപ്പെരുപ്പം വർധിപ്പിക്കുമെന്ന ആശങ്കയിൽ നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ചപ്പോൾ സൂചികകൾ നിലംപൊത്തി. ഇന്ത്യൻ ഓഹരി നിക്ഷേപകർക്ക് 3.11 ലക്ഷം കോടി രൂപയുടെ നഷ്ടം ഇന്നലെ മാത്രം സംഭവിച്ചതായാണ് കണക്ക്. മുംബൈ ഓഹരി സൂചിക സെൻസെക്സ് 1,016.84 പോയിന്റ് (1.84%) ഇടിഞ്ഞ് 54,303.44ൽ ക്ലോസ് ചെയ്തു. ദേശീയ ഓഹരി സൂചിക നിഫ്റ്റി 276.30 പോയിന്റ് (1.68%) ഇടിഞ്ഞ് 16,201.80ൽ ക്ലോസ് ചെയ്തു. ഒപ്പം ഡോളർ വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിയുകയും ചെയ്തപ്പോൾ വിപണിയുടെ പതനം പൂർണമായി.

പലിശനിരക്ക് ഉയർത്തേണ്ടിവരുമെന്ന സൂചന യൂറോപ്യൻ സെൻട്രൽ ബാങ്ക് നൽകിയതിനെത്തുടർന്ന് യൂറോപ്പിലും ഓഹരി വിപണികൾ വിൽപന സമ്മർദം നേരിടുകയാണ്. ഈ ആഴ്ചയിൽ സെൻസെക്സിന് നഷ്ടം 1,465.79 പോയിന്റ് (2.63%). നിഫ്റ്റിക്ക് നഷ്ടം 382.50 പോയിന്റും (2.31%). യുഎസ് ഓഹരി വിപണിയിലെ വിറ്റൊഴിക്കലിന്റെ ചുവടുപിടിച്ച് വിപണനം നടന്ന ടോക്യോ, ഹോങ്കോങ്, സോൾ ഓഹരി വിപണികളിൽ സൂചികകൾ വലിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എന്നാൽ ഷാങ്ഹായ് സൂചിക നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

Top