സെര്‍ച്ച് കമ്മിറ്റി നിയമ വിരുദ്ധം; ഗവര്‍ണര്‍ക്കെതിരെ വീണ്ടും സെനറ്റ് പ്രമേയം

തിരുവനന്തപുരം: ഗവർണർക്കെതിരായ പ്രമേയം കേരള സർവകലാശാല സെനറ്റ് വീണ്ടും പാസ്സാക്കി. പുതിയ വിസിയെ കണ്ടെത്തുന്നതിനായി, ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്ന് സെനറ്റ് വ്യക്തമാക്കി. ഗവർണർക്കെതിരായ പ്രമേയത്തെ 50 അംഗങ്ങൾ പിന്തുണച്ചു.

ഏഴുപേർ പ്രമേയത്തെ എതിർത്തു. സെർച്ച് കമ്മിറ്റി നോട്ടിഫിക്കേഷൻ പിൻവലിക്കണമെന്ന് സെനറ്റ് ചാൻസലർ കൂടിയായ ഗവർണറോട് അഭ്യർത്ഥിച്ചു. ഗവർണർ തീരുമാനം പിൻവലിക്കുന്ന മുറയ്ക്ക്, സർവകലാശാല സെർച്ച് കമ്മിറ്റിയിലേക്ക് തങ്ങളുടെ പ്രതിനിധിയെ നിശ്ചയിക്കുമെന്ന് സെനറ്റ് അംഗങ്ങൾ വ്യക്തമാക്കി.

അതുവരെ സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നിശ്ചയിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. നോട്ടിഫിക്കേഷൻ അപൂർണമാണ്, ഇത് ചട്ടവിരുദ്ധമാണ്, കോടതിയിൽ ചോദ്യം ചെയ്യപ്പെടാം. ഇത് നിയമപ്രശ്‌നമാണെന്നും, രാഷ്ട്രീയ വിഷയമില്ലെന്നും ഇടത് അനുകൂല സെനറ്റ് അംഗങ്ങൾ സൂചിപ്പിച്ചു.

അതേസമയം, സർവകലാശാല പ്രതിനിധിയെ ഉടൻ നിയമിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. രാവിലെ സെനറ്റ് യോഗത്തിന് മുന്നോടിയായി ബരണപക്ഷ നിലപാടുള്ള അംഗങ്ങൾ എകെജി സെന്ററിലെത്തി ചർച്ച നടത്തിയിരുന്നു. പുതിയ വിസിയെ കണ്ടെത്തുന്നതിനായി ഗവർണർ രണ്ടംഗ പാനൽ രൂപീകരിക്കുകയും, സർവകലാശാല പ്രതിനിധിയെ അറിയിക്കാൻ സെനറ്റിനോട് ആവശ്യപ്പെടുകയുമായിരുന്നു.

Top