കെ വി തോമസ് ഇന്ന് സിപിഎം വേദിയിൽ, പങ്കെടുക്കുക പിണറായിക്കും സ്റ്റാലിനുമൊപ്പം

കണ്ണൂർ: സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കെ.വി.തോമസ് പങ്കെടുക്കുന്ന സെമിനാർ ഇന്ന്. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് മുഖ്യാതിഥിയെങ്കിലും കെ.വി.തോമസിന്റെ വാക്കുകൾക്കാണ് രാഷ്ട്രീയ കേരളം കാതോർക്കുന്നത്. കെ.വി.തോമസിന്റെ പ്രതികരണം അടിസ്ഥാനമാക്കിയാവും കോൺഗ്രസും അച്ചടക്ക നടപടിയിലടക്കം തീരുമാനം എടുക്കുക.

കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിലെ സെമിനാറിൽ കെ.വി.തോമസ് പങ്കെടുക്കുമ്പോൾ രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ സെമിനാർ വേദിയിൽ കോൺഗ്രസിന്റെ മുൻ കേന്ദ്ര മന്ത്രിയെ തന്നെ കൊണ്ട് വന്ന് സിപിഐഎം നൽകുന്നത് രാഷ്ട്രീയ സന്ദേശം. ദേശീയ തലത്തിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിന് കഴിയില്ലെന്ന് വ്യക്തമാക്കി, അവരുമായി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സിപിഐഎം തീരുമാനിക്കുമ്പോൾ കൂടിയാണ് കെ.വി.തോമസിന്റെ എൻട്രി. തോമസ് കോൺഗ്രസ് വിടില്ലെന്ന് ആവർത്തിക്കുമ്പോൾ പാർട്ടിയിൽ നിന്ന് അച്ചടക്ക നടപടിയുണ്ടായാൽ സംരക്ഷിയ്ക്കുമെന്നാണ് സിപിഐഎം നിലപാട്. ഇന്നത്തെ സെമിനാറിൽ കെ.വി.തോമസ് നയം വ്യക്തമാക്കാനാണ് സാധ്യത.

Top