സ്വാശ്രയ എംബിബിഎസ് ഫീസ് 10 ലക്ഷത്തില്‍ താഴെയാക്കാന്‍ സര്‍ക്കാര്‍ ആലോചന

തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് ഫീസ് 10 ലക്ഷത്തില്‍ താഴെയാക്കാന്‍ സര്‍ക്കാര്‍ ആലോചന.

മാനേജുമെന്റുകള്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ ഉടന്‍ ഫീസ് നിര്‍ണയ സമിതി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഒക്ടോബറില്‍ കോടതിയെ നിലപാട് അറിയിക്കാനാണ് നീക്കം.

അതേസമയം, സ്വാശ്രയ മെഡിക്കല്‍ ഫീസിലെ സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി കൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ മാനേജ്‌മെന്റുകളുമായി കൂട്ടുകച്ചവടം നടത്തിയതിന്റെ ഫലമായി സ്വാശ്രയ മേഖലയില്‍ വന്‍ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നും, അഞ്ച് ലക്ഷം ഫീസ് ഘടന നിശ്ചയിച്ച ക്രിസ്റ്റ്യന്‍ മാനേജ്‌മെന്റുകളുടെ സമീപനം സ്വാഗതാര്‍ഹമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി വിധിയോടെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ പുറത്തായി, ഇതോടെ മാനേജ്‌മെന്റുകള്‍ക്ക് കൊളളയടിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെട്ടു, സര്‍ക്കാര്‍ ഒത്തുകളിച്ചതിന്റെ ഫലമാണിതെന്നും ചെന്നിത്തല വ്യക്തമാക്കി.

മാത്രമല്ല, കോടതികളില്‍ ഫലപ്രദമായി കേസ് വാദിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Top