സംസ്ഥാനത്തെ രണ്ടാമത്തെ മങ്കിപോക്‌സ് രോഗിയും രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ചയാൾ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹത്തിന്‍റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ജൂലൈ പതിമൂന്നാം തീയതി യുഎഇയില്‍ നിന്നും വന്ന യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16 നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്‍മിറ്റാക്കിയത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശിയാണ്. ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയിൽ നിന്ന് പുലർച്ചെ കൊച്ചിയിൽ എത്തിയ ആളാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്‍റെ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.

Top