ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍

ന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍.മഹാരാഷ്ട്രയില്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 23 സീറ്റുകള്‍ ആവശ്യപ്പെട്ടു. ശിവസേനയുടെ ആവശ്യത്തില്‍ കോണ്‍ഗ്രസ് അതൃപ്തി അറിയിച്ചു.ശിവസേനയുടെ ആവശ്യം അമിതമാണെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം.പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മമത ബാനര്‍ജി നല്‍കുന്ന സൂചന. പഞ്ചാബിലും ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം.

ഡല്‍ഹിയില്‍ നടന്ന ഇന്ത്യ മുന്നണി യോഗത്തില്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയാണ് ആവശ്യം മുന്നോട്ടുവെച്ചത്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്രിവാള്‍ നിര്‍ദേശത്തെ പിന്തുണച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആക്കണമെന്ന നിര്‍ദേശം തള്ളി ശരത് പവാര്‍ രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യ മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആവശ്യമില്ലെനന്നായിരുന്നു ശരത് പവറിന്റെ പ്രതികരണം. നീക്കത്തില്‍ നിതീഷ് കുമാര്‍ അതൃപ്തനാണെന്നും, നിതീഷിനെ വെട്ടാനാണ് മറ്റു രണ്ടു മുഖ്യമന്ത്രിമാരും ആവശ്യവുമായി രംഗത്തെത്തിയതെന്നും ബി.ജെ.പി. ആരോപിച്ചിരുന്നു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയിലെ കക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കു മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിക്കു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രൂപം നല്‍കിയിരുന്നു. അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേല്‍, സല്‍മാന്‍ ഖുര്‍ഷിദ്, മോഹന്‍പ്രകാശ് എന്നിവരാണ് അംഗങ്ങള്‍.

Top